പ്രധാനമന്ത്രിയാകണമെന്ന് നിർബന്ധമില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റാൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കോൺഗ്രസ്. പ്രതിപക്ഷ നേതാക്കളിൽ ആരെ വേണെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കിൽപാർട്ടിക്ക് പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാകും.
ബി.ജെ.പിയെയും ആർ.എസ്.എസ്സിനെയും പരാജയപ്പെടുത്തുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. മമത ബാനർജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രിയാകുന്നതിനോടും എതിർപ്പില്ലെന്നും രാഹുൽ പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെയോ ബി.എസ്.പി നേതാവ് മായാവതിയെയോ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരത്തേ, രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. ഉത്തർപ്രദേശിലും ബിഹാറിലും വിജയം നേടുന്നതിലൂടെ ലോക്സഭയിലെ 22 ശതമാനം സീറ്റുകളും കരസ്ഥമാക്കുകയാണ് 2019 തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രധാന അജണ്ടകളിലൊന്നെന്നും രാഹുൽ പറഞ്ഞു. ഇതിനായി ഉത്തർ പ്രദേശിലും ബിഹാറിലും സഖ്യം രൂപവൽക് കരിക്കാൻ പാർട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസ്സിന്റെയും നരേന്ദ്ര മോദിയുടെയും പിന്തുണയില്ലെങ്കിൽ പ്രതിപക്ഷത്തെ ഏതു നേതാവിനെ പിന്തുണയ്ക്കുന്നതിലും തടസമില്ലെന്ന രാഹുലിന്റെ നിലപാടിന് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തൽ.