വിലാപയാത്ര തുടങ്ങി : കരുണാനിധിയുടെ സംസ്കാരം വൈകിട്ട് ആറിന്


ചെന്നൈ : മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. രാജാജി ഹാളിൽനിന്ന് നാലുമണിക്കാണു വിലാപയാത്രയ്ക്കു തുടക്കമായത്. വൈകിട്ട് ആറിന് അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിയുടെ സംസ്കാരം. ഉച്ചയ്ക്ക് ഹാളിലേക്ക് പ്രവർത്തകർ തള്ളിക്കയറിയതോടെ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. 33 പേർക്കു പരുക്കേറ്റു.

ഉച്ചയ്ക്ക് രാജാജി ഹാളിനു മുന്നിൽനിന്ന് പൊലീസിനെ പിൻവലിച്ചതോടെയാണ് ഡിഎംകെ പ്രവർത്തകർ വൻതോതിൽ തള്ളിക്കയറിയത്. നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തത്രയും ആളുകളാണ് മിനിട്ടുകൾക്കുള്ളിൽ അവിടേക്കു പ്രവേശിച്ചത്. ബാരിക്കേഡുകൾ തള്ളി മറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലീസ് ചെറുതായി ലാത്തി വീശി.

ദീർഘനേരത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് മറീന ബീച്ചിൽ കരുണാനിധിക്ക് അന്ത്യവിശ്രമത്തിനുള്ള അനുമതി ലഭിച്ചത്. ബീച്ചിൽ അണ്ണാദുരൈ സ്മാരകത്തിനു സമീപം അന്ത്യവിശ്രമം അനുവദിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ‍ഡിഎംകെയുടെ ഹർജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കരുണാനിധിക്ക് മറീന ഗാന്ധി സ്മാരകത്തിനു സമീപം നൽകാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. അതിനിടെ, മറീന ബീച്ചിലെ അണ്ണാ സ്മാരകത്തിനു മുന്നിൽ സുരക്ഷ ശക്തമാക്കി. കേന്ദ്രസേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്.

പൊതുദർശനത്തിനുള്ള സമയം അവസാനിക്കുമ്പോഴും ആയിരങ്ങളാണ് തലൈവരെ കാണാനായി കാത്തിരിക്കുന്നത്. പ്രീയ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലർച്ചെ മുതൽതന്നെ പ്രവർത്തകരുടെ പ്രവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടന്മാരായ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി.ദിനകരൻ, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അർപ്പിച്ചു.

You might also like

Most Viewed