കോഴിക്കോട് വിമാനത്താവളം ഞങ്ങടെ മുത്താണ്...


രാജീവ് വെള്ളിക്കോത്ത്

കരിപ്പൂർ : "കോഴിക്കോട് വിമാനത്താവളം ഞങ്ങടെ മുത്താണ്... അതിനെ ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും ഇനി ഞങ്ങൾ വിടില്ല..." പ്രളയക്കെടുതിയെ തുടർന്ന് കൊച്ചി വിമാനത്താവളം അടച്ചിടേണ്ടിവന്നപ്പോൾ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടി വന്ന ഒരു സംഘം പ്രവാസി യുവാക്കളുടെ വാക്കുകൾ ആണിത്. കൊച്ചി വിമാനത്താ­വളത്തിലൂടെ മാത്രം യാത്ര ചെയ്തു ശീലിച്ച തങ്ങൾ ആദ്യമായാണ് കോഴിക്കോട് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതെന്നും കോഴിക്കോട് വിമാനത്താവളത്തെ കുറ്റം പറഞ്ഞു കൊണ്ട് താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവർക്കെതിരായ നീക്കങ്ങളിൽ ഇനി തങ്ങളും ഉണ്ടാകുമെന്നും പ്രവാസി യുവാക്കൾ പറയുന്നു.

ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിക്കാലം ആഘോഷിക്കാൻ കൊച്ചി വിമാനത്താ­വളം വഴി നാട്ടിലേയ്ക്ക് പോയ ആയിരക്കണക്കിന് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനത്താ­വളമായി മാറിയിരിക്കുകയാണ് കരിപ്പൂർ വിമാനത്താവളം. ബഹ്റൈനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പ്രവാ­സികൾ ഉള്ളത് വടക്കൻ ജില്ലകളിലാണ്. അതുകൊണ്ടു തന്നെ കൊച്ചി മുതൽ വടക്ക് വരെയുള്ള എല്ലാ ജില്ലകളി­ലും ഉള്ള പ്രവാസികൾ ഇപ്പോൾ കരിപ്പൂർ വിമാനത്താ­വളത്തിനെ ആശ്രയിച്ചാണ് മടക്കയാത്ര തയ്യാറാക്കിയിരിക്കുന്നത്.

പ്രളയക്കെടുതികളാൽ കേരളം ദുരിതത്തിലായപ്പോൾ ഏറ്റവും കൂടുതൽ യാത്രക്കാരെയും കൊണ്ട് ഗൾഫ് നാടുകളിലേക്ക് പറന്ന വിമാനത്താവളങ്ങളിൽ ഒന്നാ­യി കോഴിക്കോടും മാറുകയാണ്. വിമാനത്താവളത്തിന്റെ വരുമാനത്തിലും പൊതുവെ വലിയ വർ­ദ്ധനവാണ് ഈ കാലയളവിൽ ഉണ്ടായതെന്ന് വിമാനത്താവളം ഉപദേശക സമിതി അംഗവും മലബാർ ഡെവലപ്പ്മെന്റ് ബോർഡ് പ്രസിഡണ്ടുമായ കെ.എം ബഷീർ ഫോർ പി.എം ന്യൂസിനോട് പറഞ്ഞു.

കാറ്റഗറി 9 ഉണ്ടായിരുന്ന വി­മാനത്താവളത്തെ തരം താഴ്ത്തി 8 കാറ്റഗറിയിലേയ്ക്ക് മാറ്റാൻ വലിയ തരത്തിലുള്ള ശ്രമമാണ് നടന്നതെന്നും എന്നാൽ ഇപ്പോൾ എല്ലാ വിമാനങ്ങളും ഇറങ്ങാനുള്ള യോഗ്യത വിമാനത്താവളത്തിനുമുണ്ട് എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ ചുറ്റിപ്പറ്റിയുള്ള വലിയ ഒരു ലോബി തന്നെ കോഴിക്കോടിനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് കോഴിക്കോട് ഡെവലപ്മെന്റ് ഫോറം അടക്കമുള്ള സംഘടനകളും മലബാറിലെ യാത്രക്കാരും ചേർന്ന് നടത്തിയ പ്രയത്നങ്ങൾ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണെന്നും കോഴിക്കോട് കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള വിമാനത്താവളം ആയി മാറുമെന്നും ബഷീർ പറഞ്ഞു.

2015­ൽ ആണ് റൺ‍വേ അറ്റകുറ്റപ്പണിയുടെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽ ജംബോ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള അനുമതിക്ക് അധികൃതർ വി­ലക്ക് ഏർപ്പെടുത്തിയത്. അതോടെ ഒരു ഘട്ടത്തിൽ മുംബൈ വിമാനത്താവളത്തിന്റെ തൊട്ടു പിന്നിൽ വരെ വളർച്ചാ നിരക്ക് കൈവരിച്ച കരിപ്പൂർ വലിയ തരത്തിലുള്ള ഗതികേടിലേയ്ക്ക് നീങ്ങുകയായിരുന്നു. കാർപ്പറ്റിംങ് ജോലിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർ­ത്തനം ഭാഗികമായി മുടക്കിയത് മാറിക്കിട്ടിയെങ്കിലും നഷ്ടമായ വിദേശ വിമാനങ്ങൾ തിരിച്ചു കിട്ടുമോ എന്നുള്ള യാതോരു ധാരണയും ഉണ്ടായതുമില്ല.

അത് കൂടാതെ കരിപ്പൂരിലെ നവീകരണത്തിന്റെ പേരിൽ ഹജ്ജ് തീർത്ഥാടനം കൊച്ചിയിലേയ്ക്ക് മാറ്റിയതും കരിപ്പൂരിന് തിരിച്ചടിയായി. കരിപ്പൂരിൽ വളരെ നല്ല നിലയിൽ നിർമ്മിച്ച ഹജ്ജ് ഹൗസിനെ നോക്ക് കുത്തിയാക്കിയാണ് ഈ മാറ്റങ്ങൾ ഒക്കെ വലിയ ഒരു ലോബിയുടെ സ ഹായത്തോടെ രൂപപ്പെടുത്തിയത്. വരുമാനത്തിൽ ഏറെ മുന്നിൽ നിന്നിട്ടും ഇങ്ങനെ പലകാരണങ്ങളാൽ വലിയ വിമാനങ്ങൾക്കുള്ള അനുതി നിഷേധിക്കുന്നത് കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഇപ്പോൾ പ്രവാസികൾ അടക്കമുള്ള നിരവധി പേർ ഡൽഹിയിൽ സമരം ചെയ്തും പാർലമെന്റ് അംഗങ്ങളോട് കാര്യങ്ങൾ പറഞ്ഞതിന്റെയും ഫലമായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു കോഴിക്കോടിനോട് അനുഭാവ്രൂർ­വ്വമായ സമീപനം കാണിച്ചതായി മലബാർ ഡെവലപ്മെന്റ് ഫോറം പ്രസിഡണ്ട് എം.പി ബഷീർ ഫോർ പി.എം ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ പ്രളയകാലം വലി­യൊരു വിഭാഗം ജനതയെ ദുരിതക്കയത്തിൽ ആക്കിയതിൽ ദുഃഖമുണ്ടെങ്കിലും കോഴിക്കോട് വിമാനത്താവളത്തെ മലയാളികൾക്ക് ഒട്ടുക്കും പ്രവാസികൾക്ക് എല്ലാവർക്കും എത്രമാത്രം പ്രയോജനകരമായിരുന്നു എന്നും തെളിയിക്കാൻ ഒരു കാരണമായതിൽ സന്തോഷമുണ്ടെ­ന്നും അദ്ദേഹം പറഞ്ഞു.

റൺ‍വേ വലിയ വിമാനങ്ങൾക്ക് പ്രാപ്‌തമല്ലെന്ന് പറഞ്ഞാണ് കേന്ദ്രം വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിച്ചിരുന്നത്. എങ്കിലും ജൂലൈ അവസാനവാരം തന്നെ അസാമിൽ ദുരിതം ഉണ്ടായപ്പോൾ സി.ഐ.എസ്.എഫ് ജവാന്‍മാരെ അസമിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടി 245 പേർക്ക് സഞ്ചരിക്കാവു­ന്ന ഇന്ത്യൻ എയർഫോഴ്സി­ന്റെ കോഡ്­ ഡിയിൽപ്പെടുന്ന സി­17 വിമാനങ്ങൾ അടക്കമു­ള്ളവ ഇവിടെ ലാൻഡ് ചെയ്തതും വിമാനത്താവളം അന്ന് തന്നെ യോഗ്യമായിരുന്നു എന്നതിനുള്ള തെളിവുകളാണ്. ഇപ്പോൾ കേരളത്തിൽ പ്രളയ കാലത്തും ദുരിതാശ്വാസ ക്യാമ്പിൽ എത്തുന്നതിനും രക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ടിയും നിരവധി വിമാനങ്ങളാണ് കരിപ്പൂരിന്റെ മണ്ണിൽ പറന്നിറങ്ങിയത്. ഇപ്പോൾ കൊച്ചിക്കാരും പറഞ്ഞു തു­ടങ്ങി.. അതെ കോഴിക്കോട് വിമാനത്താവളം ഞങ്ങടെ മുത്താണ്......

You might also like

Most Viewed