പ്രളയക്കെടുതി: മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് രാജ്‌നാഥ് സിംഗ്


ദില്ലി: കേരളത്തിനാവശ്യമായ സഹായങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. വിദേശ സഹായം വാങ്ങുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചർച്ച നടത്തും. കേരളത്തിൽ നിന്നുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യുഡിഎഫ്, എൽ.ഡിഎഫ് എംപിമാർ ഒറ്റക്കെട്ടായാണ് കേരളത്തിന് സഹായം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരെ കണ്ടത്. നിലവിലെ സഹായം അപര്യാപ്തമാണെന്നും പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങൾക്ക്  പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാര്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു. സഹായം ചർച്ച ചെയ്യാൻ രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രി ദില്ലിക്ക് വന്നാൽ ഉന്നത തല യോഗം വിളിക്കാമെന്നാണ് മന്ത്രിയുടെ ഉറപ്പ്. യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളുടെ സഹായം വാങ്ങാനാകുമോയെന്നതിനെപ്പറ്റി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി രാജ്‌നാഥ് സിംഗ് ചർച്ച നടത്തും. അധികമായി അനുവദിച്ച മണ്ണെണ്ണ, അരി എന്നിവയ്ക്ക് തുക ഈടാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യ തൊഴിലാളികൾക്ക് സൗജന്യമായി കൂടുതൽ മണ്ണെണ്ണ നൽകണം. കൃഷി നാശം ഉണ്ടായവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ആരോഗ്യ മേഖലയിൽ കൂടുതൽ സഹായം വേണമെന്നും എംപിമാർ കേന്ദ്രമന്ത്രിമാരോട് ആവശ്യപെട്ടു.You might also like

Most Viewed