രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു : ഡോളറിന്റെ മൂല്യം 72 രൂപയും കടന്നു


മുംബൈ : രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഡോളറിന്റെ മൂല്യം 72 രൂപയും കടന്നു. വ്യാപാര വേളയിൽ ഒരു ഘട്ടത്തിൽ 72.11 എന്ന നിലയിൽ വരെ എത്തിയിരുന്നു. എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിട്ടും റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. രൂപയുടെ ഇടിവിനു പിന്നിൽ ഇന്ത്യയുടേതായ കാരണങ്ങളല്ലാത്തതിനാൽ ഇടപെടില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചൈന, കാനഡ തുടങ്ങി പല രാജ്യങ്ങളുമായും അമേരിക്ക വ്യാപാര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന ആശങ്ക ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചത്. നിക്ഷേപകർ ഇവിടങ്ങളിൽനിന്നു പണം പിൻവലിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാൻ തുടങ്ങിയതോടെ ഡോളറിനു കരുത്തു കൂടിയെങ്കിലും മറ്റു കറൻസികൾ ക്ഷീണത്തിലായി.

പല വികസ്വര രാജ്യങ്ങളിലും കറൻസിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അർ‌ജന്‍റീന, തുർക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കറൻസികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടർന്നാൽ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വൻ തോതിൽ പണം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നത്.

You might also like

Most Viewed