പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ല : സുപ്രീംകോടതി


ന്യൂഡൽഹി : പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, ഈ വകുപ്പ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. യുക്തിഹീനവും ഏകപക്ഷീയവുമാണ് ഈ വകുപ്പിലെ ചില വ്യവസ്ഥകളെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ഏകകണ്ഠേന വിധി പ്രസ്താവിച്ചത്.

അതേസമയം, പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധവും മൃഗങ്ങളുമായുള്ളതടക്കം മറ്റു ലൈംഗികവേഴ്ചകളും കുറ്റകരമായി തുടരും. പരമ്പരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചതായും ഭിന്നലിംഗ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍‌ക്കും അര്‍ഹരാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈ സുപ്രധാന വിധിക്ക് സർക്കാർ പരമാവധി പ്രചാരം നൽകണമെന്ന് വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ആർ.എഫ്. നരിമാൻ നിർദ്ദേശിച്ചു. ഇതുവരെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തിയതിന് പൊതുസമൂഹം എൽജിബിടി സമൂഹത്തോടു മാപ്പു പറയണമെന്ന് സംഘത്തിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടു. ഇക്കാലമത്രയും സാമൂഹ്യ ഭ്രഷ്ട് കൽപിച്ചതിനു സ്വവർഗാനുരാഗികളുടെ സമൂഹത്തോടു ചരിത്രം മാപ്പു പറയണമെന്നും അനുബന്ധ വിധിന്യായത്തിൽ ഇന്ദു മൽഹോത്ര പറഞ്ഞു. ഇവർക്കു പുറമെ ജസ്റ്റിസുമായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിച്ചത്.

നര്‍ത്തകി നവ്തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവരാണു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വകുപ്പു റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുളള പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതേസമയം, കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാരും നിലപാടെടുത്തിരുന്നു.

You might also like

Most Viewed