റഫാൽ കുരുക്ക് മുറുകുന്നു : കേന്ദ്രത്തിനെതിരെ മീഡിയപാർട്ടിന്റെ വെളിപ്പെടുത്തൽ


ന്യൂഡൽഹി : റഫാലിൽ കേന്ദ്ര സർക്കാരിന് തലവേദനയായി പുതിയ വെളിപ്പെടുത്തൽ. റഫാൽ യുദ്ധവിമാന നിർമാണത്തിൽ ഇന്ത്യയിലെ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ നിയോഗിച്ചത് ‘നിർബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായിരുന്നെന്നു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പും അടുത്തിരിക്കെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു വലിയ ഊർജമാകും ഈ വെളിപ്പെടുത്തൽ.

ഫ്രഞ്ച് മാധ്യമമായ ‘മീഡിയപാർട്ട്’ ആണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. റഫാൽ വിമാന നിർമാണക്കമ്പനിയായ ഡാസോ ഏവിയേഷന്റെ ആഭ്യന്തര രേഖകൾ ഉദ്ധരിച്ചാണു വാർത്ത നൽകിയിട്ടുള്ളത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ ത്രിദിന സന്ദർശനത്തിനായി ഫ്രാൻസിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണു വിവരം പുറത്തായത്. 58,000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണു ഫ്രാൻസുമായി ഇന്ത്യ കരാറൊപ്പിട്ടത്.

റഫാൽ ഇടപാടു ലഭിക്കണമെങ്കിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഇന്ത്യൻ പങ്കാളിയായി പരിഗണിക്കണമെന്നതു ‘നിർബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായി ഉൾപ്പെടുത്തിയിരുന്നു എന്നാണു മീഡിയപാർട്ട് പറയുന്നത്. റഫാൽ ഇടപാടിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണു വെളിപ്പെടുത്തലുണ്ടായത്.

You might also like

Most Viewed