ചായ വിൽപനക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാൻ ബിജെപിക്കു മാത്രമേ സാധിക്കു : അമിത് ഷാ


ന്യൂഡൽഹി : സാധാരണക്കാരനായ ഒരു ചായ വിൽപനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാക്കാൻ ബിജെപിക്കു മാത്രമേ സാധിക്കുവെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. അടുത്ത 50 വർഷത്തിൽ പഞ്ചായത്തു തലം മുതൽ പാർലമെന്റ് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥികൾ മാത്രമേവിജയിക്കുകയുള്ളുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

മധ്യപ്രദേശിൽ ബിജെപിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഹോഷങ്കബാദിൽ ബിജെപി റാലിയിൽ സംസാരിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു. 40 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാരെയാണു രാജ്യത്തു കണ്ടെത്തിയിട്ടുള്ളത്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇവർക്കുവേണ്ടി ബഹളമുണ്ടാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

കോൺഗ്രസിനും സമാജ്‍വാദി പാർട്ടിക്കും ബിഎസ്പിക്കും ഇത്തരക്കാർ വോട്ടുബാങ്കാണെന്നും എന്നാൽ, ബിജെപിക്ക് ഇത് രാജ്യസുരക്ഷയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി 200ന് മുകളിൽ സീറ്റുകളിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നവംബർ 28നാണ് മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 166 എംഎൽ‌എമാരാണ് സംസ്ഥാനത്ത് ബിജെപിക്കു നിലവിലുള്ളത്.

You might also like

Most Viewed