വിദേശയാത്രാനുമതി : ചീഫ് സെക്രട്ടറി വിദേശകാര്യവകുപ്പിന് കത്തു നല്‍കി


തിരുവനന്തപുരം : നവകേരള നിർമ്മിതിക്ക് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്കു കത്തു നല്‍കി. യാത്രയുടെ ഉദ്ദേശ്യവും കേരളത്തിന് ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കത്തിന്മേൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല. ചീഫ് സെക്രട്ടറി കത്ത് നല്‍കിയ സാഹചര്യത്തില്‍ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയത്തിന് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് കര്‍ശന വ്യവസ്ഥകളോടെ യുഎഇ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 17 മുതല്‍ 20 വരെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്. 17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 19 ന് ദുബായിലും 20 ന് ഷാര്‍ജയിലും സന്ദര്‍ശനം നടത്തും.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ.രാജു എന്നിവരൊഴികെയുള്ള 17 മന്ത്രിമാരുടെ യാത്രയിലാണ് അനിശ്ചിതത്വം. രാഷ്ട്രീയ കാരണങ്ങളും അപേക്ഷയിലെ പോരായ്മയും അനുമതി ലഭിക്കുന്നതിന് തിരിച്ചടിയായി. ചീഫ് സെക്രട്ടറി കത്തയച്ചതോടെ ചില മന്ത്രിമാര്‍ക്കെങ്കിലും യാത്രാ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. മന്ത്രിമാരുടെ വിദേശസന്ദര്‍ശനം പരിഗണിച്ച് ബുധനാഴ്ചയിലെ മന്ത്രിസഭായോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരുന്നു. 5,000 കോടിരൂപ വിദേശത്തുനിന്ന് പിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വിദേശയാത്രയ്ക്ക് രണ്ടുകോടിയോളം രൂപയാണ് ചെലവ്.

You might also like

Most Viewed