മധ്യപ്രദേശിൽ 40 നേതാക്കളെ പ്രചാരണത്തിനിറക്കാനൊരുങ്ങി ബിജെപി


ഭോപ്പാൽ : മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന നേതാക്കളുടെ 40 അംഗ പട്ടിക ബിജെപി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ഉൾപ്പെടെ ബിജെപിയുടെ സുപ്രധാന നേതാക്കളെല്ലാം മധ്യപ്രദേശിലെത്തും. വ്യാപം അഴിമതി, മന്ദ്സൗർ പ്രക്ഷോഭം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ബിജെപിയുടെ ജനപ്രീതിയിൽ ഇടിവു വന്നിട്ടുണ്ടെന്നാണു വിലയിരുത്തൽ. അധികാരം നിലനിർത്തുക എന്നത് ബിജെപിക്ക് വെല്ലുവിളിയാകും.

കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമൽനാഥ് എന്നിവർ ഈ സാഹചര്യങ്ങൾ കൃത്യമായി വിനിയോഗിച്ചാണു പ്രചാരണത്തിൽ മുന്നോട്ടുപോകുന്നത്. ഇതു മറികടക്കുന്നതിനാണ് ബിജെപി വമ്പൻമാരെ തിരഞ്ഞെടുപ്പ് കളത്തിലെത്തിക്കാൻ തീരുമാനിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി, നടിയും ബിജെപി എംപിയുമായ ഹേമമാലിനി തുടങ്ങിയവർ പ്രചാരണത്തിനായി മധ്യപ്രദേശിലെത്തും.

നവംബർ 28നാണ് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 11ന്. തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സെഹോർ ജില്ലയിലെ ബുധ്നിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് വിജയക്കൊടി പാറിക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുക ജ്യോതിരാദിത്യ സിന്ധ്യയെയും കമൽനാഥിനെയുമായിരിക്കും എന്നാണ് വിവരങ്ങൾ.

You might also like

Most Viewed