രാമക്ഷേത്രമല്ല, വികസനമാണ് പ്രധാനം; ചൗഹാൻ


ഭോപാൽ:  രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ, ക്ഷേത്ര നിർമാണമല്ല വികസനമാണു ലക്ഷ്യമെന്നു നിലപാടുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. 200 സീറ്റു നേടിയുള്ള ഗംഭീര ഭരണത്തുടർച്ചയാണു ബിജെപി ലക്ഷ്യമിടുന്നതെന്നും പാർട്ടിയുടെ മുഖ്യ പ്രചാരണമുഖമായ ചൗഹാൻ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. മുൻ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി ഒന്നും ഇത്തവണയില്ല. 2008ൽ ബിജെപി പരാജയപ്പെടുമെന്നാണു പ്രചരിക്കപ്പെട്ടത്. എന്നാൽ 143 സീറ്റു നേടി അധികാരത്തിലെത്തി. ഇത്തവണയും ഭയക്കാനൊന്നുമില്ല പ്രത്യേകിച്ചൊരു വിഷയവും കോൺഗ്രസിന് ഉന്നയിക്കാനായിട്ടില്ല. 15 വർഷമായി സുസ്ഥിര വികസനവും സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടാണു ഞങ്ങൾ ഭരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തെ കുറിച്ചു സംസാരിക്കാത്തത് അതവിടെ ഉണ്ടെന്നുള്ളതിനാലാണ്. മധ്യപ്രദേശിലെ പ്രധാന വിഷയം രാമക്ഷേത്രമല്ല, വികസനമാണ്. ജനങ്ങൾക്കു വാഗ്ദാനം ചെയ്ത കൂടുതൽ വികസനം അവരിലെത്തിക്കുകയാണു പ്രധാനം. കേന്ദ്ര സർക്കാരിലേക്കോ ദേശീയ രാഷ്ട്രീയത്തിലേക്കോ മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റിലും ബിജെപി ജയിക്കുമെന്നും  ചൗഹാൻ വ്യക്തമാക്കി.

You might also like

Most Viewed