ആലോക് വര്‍മയെ മാറ്റിയ നടപടി സുപ്രീംകോടതി ഇന്ന് പരിശോധിക്കും

ന്യൂഡൽഹി : സിബിഐയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ മാറ്റിയ നടപടി സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ആലോക് വര്മയ്ക്കെതിരെയുളള ആരോപണങ്ങളില്‍ സിവിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഉദ്യോഗസ്ഥന് സമര്‍പ്പിച്ച മറുപടിയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. അഴിമതിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കേന്ദ്രസഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇടപെട്ടെന്ന മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ ആരോപണവും നിലവിലുണ്ട്.
സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കൈക്കൂലി അടക്കം ആരോപണങ്ങളാണ് ആലോക് വര്മയ്ക്കതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതിന്മേല് സിവിസി നടത്തിയ അന്വേഷണത്തില്‍ ഡയറക്ടര്‍ക്കു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങൾ ആലോക് വര്‍മയ്ക്ക് അനുകൂലമാണെങ്കിലും മറ്റു ചില ആരോപണങ്ങൾ പ്രതികൂലമാണ്. കൂടുതല്‍ അന്വേഷണം വേണമെന്ന് സിവിസി സുപ്രീംകോടതിയോടും ആവശ്യപ്പെട്ടു.
സിവിസി റിപ്പോര്ട്ടിന്മേല് ആലോക് വര്‍മ തന്റെ മറുപടി മുദ്രവച്ച കവറില്‍ ഇന്നലെ കൈമാറിയിരുന്നു. ഇതുംകൂടി പരിശോധിച്ചശേഷമാകും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുക്കുക.