മിസോറം മുഖ്യമന്ത്രിയായി സോറംതങ്ക അധികാരമേറ്റു


ഐസോൾ: മിസോറം മുഖ്യമന്ത്രിയായി സോറാംതാംഗ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയാണു സോറാംതാംഗ അധികാരത്തിലെത്തുന്നത്. 5 കാബിനറ്റ് മന്ത്രിമാരും 6 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ടോൺലുയിയയാണ് ഉപമുഖ്യമന്ത്രി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കുമ്മനം രാജശേഖരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോ ഭാഷയിലാണ് സോറംതങ്ക സത്യപ്രതിജ്ഞ ചെയ്തത്.

 മുഖ്യമന്ത്രി സോറാംതാംഗയും മന്ത്രിമാരും മിസോ ഭാഷയിൽ സത്യപ്രതിജ്ഞ ചൊല്ലിയതു വേറിട്ടതായി. കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ സ്പീക്കർ ലാൽചംലിയാന മിസോറം തനതു വേഷം ധരിച്ചെത്തിയതും കയ്യടി നേടി. ബൈബിൾവചനങ്ങളുടെയും പ്രാർഥനാഗീതങ്ങളുടെയും അകന്പടിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. 

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ലാൽ തൻവാല, ഭാര്യ ലാൽ റിലിയാനി, മുൻ മന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 40 അംഗ നിയമസഭയിൽ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്) 26 സീറ്റുകൾ നേടി.  രാജ്ഭവന്റെ പുൽത്തകിടിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ 16 പ്രമുഖ ക്രൈസ്തവ സഭകളുടെ സംയുക്തസമിതി അദ്ധ്യക്ഷൻ റവ. ആർ. ലാൽമിങ്താംഗ നയിച്ച പ്രാർഥന ശ്രദ്ധാകേന്ദ്രമായി.

You might also like

Most Viewed