എന്റെ ‘മൻ കി ബാത്’ കേൾപ്പിക്കാനല്ല, നിങ്ങളെ കേൾക്കാനാണു ഞാൻ വന്നത് : രാഹുൽ


ദുബായ് : "ഞാൻ വലിയ ആളല്ല, നിങ്ങളിൽ ഒരാൾ. എന്റെ ‘മൻ കി ബാത്’ കേൾപ്പിക്കാനല്ല, നിങ്ങളെ കേൾക്കാനാണു ഞാൻ വന്നത്" കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകളാണിത്. ദുബായ് ജബൽ അലി വ്യവസായ മേഖലയിലെ ലേബർ ക്യാംപിൽ എത്തിയ രാഹുലിനെ വരവേൽക്കാൻ ആയിരങ്ങളാണു തടിച്ചു കൂടിയത്. എല്ലാവർക്കും ഹൃദയത്തിൽ നിന്നു നന്ദി അറിയിക്കുന്നുവെന്നു പറഞ്ഞാണ് രാഹുൽ തുടങ്ങിയത്. പ്രസംഗം ഹിന്ദിയിൽ വേണോ ഇംഗ്ലിഷിൽ വേണോ എന്നു ചോദിച്ചപ്പോൾ ഹിന്ദി എന്നു തൊഴിലാളികൾ ഉറക്കെപ്പറഞ്ഞു. തുടർന്ന് 5 മിനിറ്റോളം ഹിന്ദിയിൽ പ്രസംഗിച്ചു.

യുഎഇയിലെ കൂറ്റൻ കെട്ടിടങ്ങളും മികച്ച റോഡുകളുമെല്ലാം കാണുമ്പോൾ നിങ്ങളുടെ വിയർപ്പും അധ്വാനവും ഇതിലുണ്ട് എന്നതിൽ അഭിമാനമുണ്ട്. ഇന്ത്യയിൽനിന്നുള്ള പ്രവാസി തൊഴിലാളികൾ രാജ്യത്തെ ഭരണാധികാരികളുടെ പോലും പ്രശംസ നേടിയത് ഏറെ അഭിമാനകരമാണെന്ന് രാഹുൽ പറഞ്ഞപ്പോൾ കയ്യടി മുഴങ്ങി.

തുടർന്നു തൊഴിലാളികളുടെ അടുത്തെത്തി സംസാരിച്ചു. അവർക്കു പറയാനുള്ളതു കേൾക്കുകയാണ് പ്രധാനമെന്ന് പറഞ്ഞ അദ്ദേഹം ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും കാതോർത്തു. ഉത്തരേന്ത്യക്കാരായ 5 പേരാണു സംസാരിച്ചത്. തൊഴിലാളിക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പദവി വേണമെന്നായി അടുത്തയാൾ. പ്രകടന പത്രികയിൽ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയുമെന്നും ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും രാഹുൽ പറഞ്ഞു. ചോദ്യമുന്നയിച്ചവരോടു വിശേഷങ്ങൾ ചോദിച്ചറിയാനും രാഹുൽ മറന്നില്ല.

You might also like

Most Viewed