റഫാലിനായി അഴിമതി വിരുദ്ധ ചട്ടങ്ങൾ കേന്ദ്രം ഒഴിവാക്കി : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


ന്യൂഡൽഹി : റഫാല്‍ കരാറിൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ സർക്കാർ ഒഴിവാക്കിയിരുന്നതായി വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ പുറത്ത് വന്നു. അഴിമതി വിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയ വിവരവും സുപ്രീംകോടതിയെയും കേന്ദ്രം അറിയിച്ചില്ല. റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും. ഇതോടെ ഏത് നിമിഷവും റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വയ്ക്കാനും സാധ്യതയുണ്ട്. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ബുധനാഴ്ച്ച അവസാനിക്കും.

സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്നതിനൊപ്പം സര്‍ക്കാരിനും സിഎജി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കും. രാഷ്ട്രപതി ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും.

സൈന്യത്തിനായി സമീപകാലത്ത് നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുക എന്നാണ് വിവരം. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തും. യുദ്ധവിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്നു വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്‍കിയ വിയോജനക്കുറിപ്പ് പുറത്തുവന്നതടക്കം പുതിയ വിവാദങ്ങള്‍ക്കിടെയാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

You might also like

Most Viewed