പുൽവാമ ഭീകരാക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം


 

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തിൽ പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. പുൽവാമ ഭീകരാക്രമണം ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയത്. വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയാണ് പാക് ഹൈക്കമ്മീഷണർ സൊഹൈൽ മഹമൂദിനെ വിളിച്ചു വരുത്തിയത്. 

 

ഗുരുതരമായ ആക്രമണങ്ങളോ, സമാധാനക്കരാർ ലംഘനങ്ങളോ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടാകുമ്പോൾ മാത്രമാണ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തുന്നത് പോലുള്ള കടുത്ത നടപടികൾ ഇന്ത്യ സ്വീകരിക്കാറുള്ളത്. ഇന്നലെ ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ആക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയായ ജെയ്‍ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയ ഇന്ത്യ ശക്തമായ നടപടിക്കൊരുങ്ങുകയാണ്.  

You might also like

Most Viewed