ചോദ്യം ചെയ്യൽ പൂർത്തിയായി; അഭിനന്ദൻ വർധമാൻ ഇനി അവധിയിലേക്ക്


ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ ഡീബ്രീഫിംഗ് നടപടികൾ പൂർത്തിയായതായി റിപ്പോർട്ട്. രാജ്യത്തെ വിവിധ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ വ്യോമസേനയുമാണ് അഭിനന്ദനിൽ നിന്നും പലകാര്യങ്ങളും ചോദിച്ചറിഞ്ഞത്. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

സൈനിക നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതോടെ അഭിനന്ദൻ കുറച്ച് നാൾ അവധിയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമേ എപ്പോൾ വിമാനം പറത്താനാകുമെന്ന് റിപ്പോർട്ട് ലഭിക്കും. 

രാഷ്ട്രത്തിന്റെ അന്തസ്സു കാത്ത ധീരസൈനികനോട് ക്രൂരമെന്നു പോലും കരുതാവുന്നത്ര കഠിനമായ ചോദ്യംചെയ്യലുകളും അനുബന്ധ നടപടിക്രമങ്ങളും അടങ്ങുന്നതായിരുന്നു സൈനിക പ്രോട്ടോകോൾ. ബന്ദിയായിരുന്നയാളുടെ ശരീരത്തിൽ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോർത്താൻ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങൾ (ശരീരത്തിലേക്ക് കടത്തിവയ്ക്കാവുന്ന ഇലക്‌ട്രോണിക് ചിപ്പ് ഉൾപ്പെടെ) ഘടിപ്പിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചിരിക്കും. ശരീരാന്തർഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ അഭിനന്ദൻ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.

കാർഗിൽ യുദ്ധത്തിനിടെ പാക് പിടിയിലായ ശേഷം മടങ്ങിയെത്തിയ വ്യോമസേനാ പൈലറ്റ് നചികേതയുടെ കാര്യത്തിൽ സൈനിക ഇന്റലിജൻസ് ഇത്തരം ചോദ്യംചെയ്യൽ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. വ്യോമസേനാ ചരിത്രത്തിലെ വീരപുരുഷനായിരുന്ന ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ മകൻ എയർ മാർഷൽ കെ.സി. നന്ദ കരിയപ്പ 1965ലെ യുദ്ധകാലത്ത് പാക് പിടിയിലായപ്പോഴും ഇതുതന്നെയായിരുന്നു നടപടി.

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ പാകിസ്ഥാൻ പ്രകോപനം തുടർന്നിരുന്നു. ആക്രമണം നടത്താൻ ശ്രമിച്ച പാകിസ്ഥാന്റെ എഫ്16 വിമാനത്തെ മിഗ് 21ൽ പിന്തുടർന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദനായിരുന്നു. ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേ പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ മാർച്ച് ഒന്നിനാണു മോചിപ്പിച്ചത്. പാക്ക് തടവിൽ‍ മാനസിക പീഡനം നേരിടേണ്ടിവന്നെന്ന് അഭിനന്ദന്‍ ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നു.

You might also like

Most Viewed