അഭ്യൂഹങ്ങൾക്ക് മാറ്റമുണ്ടാകാം പക്ഷേ തീരുമാനത്തിൽ മാറ്റമില്ല: സെവാഗ്


ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിൽ മത്സരിക്കാനുള്ള ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. പർവേശ് ശർമ്മ മത്സരിക്കുന്ന സീറ്റിലേക്ക് സെവാഗിനെ സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനമായിരുന്നു ബി.ജെ.പി മുന്നോട്ട് വച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മത്സരിക്കാനില്ലെന്ന് സെവാഗ് അറിയിച്ചതായി ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.

ഹരിയാനയിലെ റോത്തക്കിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സെവാഗ് മത്സരിച്ചേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ തനിക്ക് താല്പര്യമില്ലെന്ന് സെവാഗ് വ്യക്തമാക്കി. “അഭ്യൂഹങ്ങൾക്ക് മാറ്റമുണ്ടാകാം, എന്നാൽ ചില കാര്യങ്ങൾ ഒരിക്കലും മാറില്ല. 2014 ലെ പോലെ ഇപ്പോഴും ചില വാ‍ർത്തകൾ വരുന്നുണ്ട്. പക്ഷെ അന്നത്തെ പോലെ തന്നെ ഇപ്പോഴും ഇക്കാര്യത്തിൽ താൽപര്യമില്ലെന്നും സേവാഗ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം ‘സമ്പർക്ക് ഫോർ സമർത്ഥിന്റെ’ ഭാഗമായി കേന്ദ്രമന്ത്രി രാജ്യവർദ്ധൻ റാത്തോഡും പാർട്ടിയുടെ ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരിയും സെവാഗിനെ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് സെവാഗ് ബി.ജെ.പിയിലേക്ക് എത്തുമെന്ന തരത്തിൽ വാർത്തകൾ പരക്കുകയും ചെയ്തു. എന്നാൽ പരസ്യമായ പ്രതികരണങ്ങളിലൂടെ കൈയ്യടി നേടുന്ന സെവാഗ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.

ഡിസംബറിൽ വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി ലോക്‌‌സഭാ തിരഞ്ഞെടുപ്പ് സീറ്റിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഗൗരവത്തോടെയാണ് അദ്ദേഹം ഇക്കാര്യം പരിഗണിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

You might also like

Most Viewed