കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ; ഘടകകക്ഷികൾക്ക് ഇനി; സീറ്റില്ല രാഹുൽ


ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഡൽഹിയിൽ നിർണ്ണായക യോഗം. എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.  മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് വലിയ ആശയക്കുഴപ്പമാണ് നേതൃത്വത്തിന് ഉണ്ടാക്കുന്നത്. പല മണ്ധലങ്ങളിലും പകരം സ്ഥാനാർ‍ത്ഥികളെ കുറിച്ച് പോലും ധാരണയിലെത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. കോഴിക്കോട്ട് നിന്ന് ഡൽഹി യാത്രക്കിടെ ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കാനില്ലെന്ന കാര്യം കോൺഗ്രസ് അദ്ധ്യക്ഷനോട് ആവർ‍ത്തിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർ‍ന്ന ശേഷം അന്തിമ തീരുമാനം ആകാമെന്ന മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയതെന്നും സൂചനയുണ്ട്. 

വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ധരണയിലെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ ഉമ്മൻചാണ്ടിയില്ലെങ്കിൽ ആന്‍റോ ആന്‍റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം.  കെ.സി വേണുഗോപാൽ മാറി നിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ഷാനിമോൾ ഉസ്മാനെയും അടൂർ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂർ പ്രകാശിന്റെ പേരാണ് പരിഗണനയിൽ. എറണാകുളത്ത് സിറ്റിംഗ് എംപി കെവി തോമസിനെ വീണ്ടും കളത്തിലിറക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. 

വയനാട്ടിൽ കെ.സി വേണുഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നിൽ നിലനിൽക്കുന്നുണ്ട്. വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെകെ രമയുടെ പേർ പരിഗണിക്കണം എന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമായിരിക്കും. ഇടുക്കിയിൽ പി.ജെ ജോസഫിനെ സ്ഥാനാർ‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്‍റ് പ്രതികരണം അനുകൂലമല്ല. കോൺഗ്രസിന്‍റെ സീറ്റുകൾ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകൾ മറ്റാർ‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നാണ് സൂചന.

You might also like

Most Viewed