പുൽ‍വാമ ഭീകരാക്രമണം; ഹോളി ആഘോഷങ്ങൾ‍ ഒഴിവാക്കി സി.ആർ‍.പി.എഫ്


ന്യൂഡൽ‍ഹി: പുൽ‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ‍ ഈ വർ‍ഷത്തെ ഔദ്യോഗിക ഹോളി ആഘോഷങ്ങൾ‍ ഉപേക്ഷിച്ച് സി.ആർ‍.പി.എഫ്. കശ്മീരിലെ പുൽ‍വാമയിൽ‍ 40 സി.ആർ‍.പി.എഫ് ജവാന്മാരാണ് കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തിൽ‍ വീരമൃത്യു വരിച്ചത്. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തതെന്ന് സി.ആർ‍.പി.എഫ് ഡയറക്ടർ‍ ജനറൽ‍ രാജീവ് റായ് ഭട്‌നഗർ‍ വ്യക്തമാക്കി.

കഴിഞ്ഞ വർ‍ഷം 210 ഭീകരരെ വധിച്ചതായും സി.ആർ‍.പി.എഫ് മേധാവി അറിയിച്ചു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തിലും 40 ശതമാനത്തോളം കുറവ് വരുത്താനായി. നിലവിൽ‍ രാജ്യത്തിന്റെ ഏതാനും ചില ഭാഗങ്ങളിൽ‍ മാത്രമാണ് ഭീഷണിയുള്ളത്. ഇതിന് പുറമെ സംഘർ‍ഷങ്ങളിൽ‍ കൊല്ലപ്പെടുന്ന സി.ആർ‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങൾ‍ക്ക് സഹായം ലഭ്യമാക്കാന്‍ ഒരു മൊബൈൽ‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുൽ‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ‍ ഇത്തവണത്തെ ഹോളി ആഘോഷങ്ങൾ‍ വേണ്ടെന്നു വക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി പതിന്നാലിനാണ് പുൽ‍വാമയിൽ‍ സി.ആർ.പി എഫ് സൈനികർ‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ‍ ചാവേറാക്രമണം നടത്തിയത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുൽ‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ബലാക്കോട്ടിൽ‍ ഭീകരക്യാന്പുകൾ‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ‍ നിരവധി ഭീകരന്മാർ‍ക്ക് ജീവഹാനി സംഭവിച്ചതായി ഇന്ത്യൻ‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഫെബ്രുവരി 26ന് വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed