ഒഡീഷ മുഖ്യമന്ത്രിയുടെ ആസ്തി 63.87 കോടി: അഞ്ച് വർ‍ഷം കൊണ്ട് അഞ്ചിരട്ടി വർ‍ദ്ധന


ഭുവനേശ്വർ‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് സ്വന്തമായുള്ളത് 63.87 കോടി രൂപയുടെ ആസ്തി. അദ്ദേഹത്തിന്റെ ആസ്തിയിൽ‍ അഞ്ച് വർ‍ഷം കൊണ്ട് അഞ്ചിരട്ടി വർ‍ദ്ധന ഉണ്ടായതായും കണക്കുകൾ‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സമർ‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ‍ വ്യക്തമാക്കിയത്.

അഞ്ചാം വട്ടവും ഒഡീഷ നിയമസഭയിലേക്ക് ജനവിധി തേടുന്ന നവീന്‍ പട്‌നായികിന് ജംഗമസ്വത്തായുള്ളത് 23 ലക്ഷം രൂപയുടെ ആസ്തിയാണ്. കയ്യിലുള്ള പണം, ബാങ്ക് ബാലന്‍സ്, ആഭരണങ്ങൾ‍ എന്നിവ ഇതിലുൾ‍പ്പെടുന്നു. 2014ലേതിനെക്കാൾ‍ അഞ്ച് ലക്ഷം രൂപയുടെ വർ‍ധന ഇതിലുണ്ടായിട്ടുണ്ട്. സ്ഥാവരസ്വത്തായി നവീന്‍ പട്‌നായികിന് 2014ൽ‍ ഉണ്ടായിരുന്നത് 12 കോടി രൂപയുടെ ആസ്തിയാണ്. ഇത് ഇപ്പോൾ‍ 63 കോടിയിലധികം രൂപയായി വർ‍ധിച്ചിട്ടുണ്ട്. നവീന്‍പട്‌നായികിന്റെയും സഹോദരി ഗീതയുടെയും കൂടി പേരിലുള്ള ആസ്തിയാണിത്. ദില്ലിയിൽ‍ എപിജെ അബ്ദുൾ‍കലാം റോഡിലുള്ള 43 കോടി രൂപ വിലവരുന്ന വീടും ഒഡീഷയിലുള്ള 9.52 കോടി രൂപ വിലവരുന്ന നവീന്‍ നിവാസ് എന്ന വീടും ഇതിലുൾ‍പ്പെടുന്നു. 

അതേ സമയം അദ്ദേഹത്തിന്റെ കയ്യിൽ‍ ഇപ്പോഴുള്ളത് 25,000 രൂപയാണ്. സ്വന്തമായുള്ള വാഹനം 1980 മോഡൽ‍ അംബാസിഡർ‍ കാർ‍ ആണ്. ഈ കാറിന് ഇപ്പോൾ‍ മൂല്യം 9000 രൂപ മാത്രമാണെന്നും സത്യവാങ്മൂലത്തിൽ‍ പറഞ്ഞിരിക്കുന്നു. ഡൽഹിയിലും ഒഡീഷയിലുമുള്ള സ്ഥലങ്ങൾ‍ക്ക് വില വർ‍ദ്ധിച്ചതാണ് ആസ്തി അഞ്ചിരട്ടിയായി വർ‍ദ്ധിക്കാൻ കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

ബിജു ജനതാദൾ‍ നേതാവായ നവീന്‍ പട്‌നായിക് 2000 മുതൽ‍ ഒഡീഷ മുഖ്യമന്ത്രിയാണ്. ഇക്കുറി ബിജെപൂർ, ഹിഞ്ജിലി നിയമസഭാ മണ്ഡലങ്ങളിൽ‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ‍ 11,18,23,29 തീയതികളിലാണ് ഒഡീഷയിൽ‍ നിയമസഭാ തെരഞ്ഞെടുപ്പ്.

You might also like

Most Viewed