തിരഞ്ഞെടുപ്പ് ചട്ട ലംഘനം: പ്രകാശ് രാജിനെതിരേ കേസെടുത്തു


ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന നടൻ പ്രകാശ് രാജിനെതിരേ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തു. ഫ്ലൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂർത്തി കബൺ പാർക്ക് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നടൻ മുൻകൂർ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയിൽ വോട്ടഭ്യർഥിച്ചിരുന്നു ഇതാണ് പരാതിക്കിടയാക്കിയത്.

മാർച്ച് 12നാണ് മഹാത്മാഗാന്ധി സർക്കിളിൽ പൊതു പരിപാടിയിൽ പ്രകാശ് രാജ് മൈക്കുപയോഗിച്ച് സംസാരിച്ചത്. മാധ്യമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും എന്ന വിഷയത്തിലായിരുന്നു പരിപാടി. എഴുത്തുകാരും ആക്ടിവിസ്റ്റുകളും കലാകാരൻമാരും പങ്കെടുത്ത ചടങ്ങിൽ പ്രകാശ് രാജ് മൈക്കിലൂടെ വോട്ടഭ്യർഥന നടത്തിയെന്നാണ് പരാതി. പ്രകാശ് രാജിന്റെ പ്രസംഗം റെക്കോഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ചിലർ അയക്കുകയും ചെയ്തിരുന്നു. ചടങ്ങ് നടക്കുന്ന സമയത്ത് സംഭവസ്ഥലത്തെത്തിയ ഫ്ളൈയിങ് സ്ക്വാഡാണ് നടപടിയെടുത്തത്.

You might also like

Most Viewed