മാന്യത തിരിച്ചു കിട്ടിയത് ബി.ജെ.പിയിൽ വന്ന ശേഷം: ജയപ്രദ


ന്യൂഡൽഹി: സമാജ് വാദി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നപ്പോൾ തന്റെ മാന്യത നഷ്ടപ്പെടുകയായിരുന്നെന്നും അത് തിരികെ ലഭിച്ചത് ബിജെപിയിൽ എത്തിയതിന് ശേഷമാണെന്നും പ്രശസ്ത നടി ജയപ്രദ. ഉത്തർപ്രദേശിലെ റാംപൂർ മണ്ഡലത്തിൽ നിന്നും ബിജെപി സീറ്റിലാണ് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. സമാജ് വാദി പാർട്ടി നേതാവും മുൻ സഹപ്രവർത്തകനുമായ അസംഖാനാണ് റാംപൂരിൽ ജയപ്രദയുടെ എതിർ‌സ്ഥാനാർത്ഥി.

''ബിജെപി ഒരു ദേശീയ പാർട്ടിയാണ്. എന്നാൽ സമാജ് വാദി പാർട്ടി പ്രാദേശിക കക്ഷിയാണ്. ഒരു സ്ത്രീയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും എനിക്ക് ബഹുമാനം നൽകിയത് ബിജെപിയാണ്. സമാജ് വാദി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നപ്പോൾ എനിക്ക് നഷ്ടമായ മാന്യത തിരികെ ലഭിച്ചത് ബിജെപിയിൽ എത്തിയതിന് ശേഷമാണെന്ന് ഞാൻ ആവർ‌ത്തിച്ചു പറയുന്നു. എന്റെ അഭിനയജീവിതത്തെക്കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് എനിക്ക് സമാജ് വാദി പാർട്ടി നേതാക്കളിൽ നിന്നും ലഭിച്ചത്. അതെന്നെ വളരയധികം അപമാനപ്പെടുത്തിയിരുന്നു.

റാംപൂരിലെ ജനങ്ങൾക്ക് എന്നെ വ്യക്തമായി അറിയാം. മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഞാൻ ആരെയും മാറ്റി നിർത്തിയിട്ടില്ല. അമ്പലത്തിൽ പോയതിന് ശേഷമാണ് നാമനിർദ്ദേശ പത്രിക സമരി‍പ്പിക്കാൻ പോയത്.

എന്നാൽ എന്റെ മുൻ സഹപ്രവർത്തകനും സമാജ് വാദി പാർട്ടി നേതാവുമായ അസംഖാൻ വർഗീയമായി ചിന്തിക്കുന്ന വ്യക്തിയാണ്. എന്നെ വ്യക്തിപരമായും രാഷ്ട്രീയപരമായും അസം ഖാൻ അപമാനിച്ചു കൊണ്ടിരിക്കുകണ്. ഞാനിപ്പോൾ ബിജെപിയിൽ അംഗത്വം എടുത്തിട്ടേയുള്ളൂ. ലോക്സഭയിലേക്ക് മത്സരിച്ചു ജയിക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം. മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രിയുടെ ഒപ്പം രാജ്യത്തെ സേവിക്കാൻ സാധിക്കുക എന്നത് അഭിമാനമെന്ന് കരുതുന്നു.'' ജയപ്രദ പറഞ്ഞു.

You might also like

Most Viewed