ഇറാനിൽ‍നിന്ന് എണ്ണവാങ്ങുന്ന കാര്യം തിരഞ്ഞെടുപ്പിനുശേഷം


ന്യൂഡൽ‍ഹി: തിരഞ്ഞെടുപ്പിനുശേഷം ഇറാനിൽ‍നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തിൽ‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യ. ദൽ‍ഹിയിൽ‍ ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ഷെരീഫുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്. ഇറാനുമായുള്ള ഇടപാടുകളിൽ‍നിന്ന് മറ്റുരാജ്യങ്ങൾ‍ക്ക് നൽ‍കിയ ഇളവ് യു.എസ്. അവസാനിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ആണവക്കരാറിൽ‍ നിന്ന് പിന്മാറിയത് ഉൾ‍പ്പെടെയുള്ള വിഷയങ്ങളിൽ‍ ഇറാന്റെ നിലപാട് സുഷമയുമായുള്ള കൂടിക്കാഴ്ചയിൽ‍ ഷെരീഫ് വ്യക്തമാക്കി. യുറേനിയം സന്പുഷ്ടീകരണം ഉൾ‍പ്പെടെയുള്ള വിഷയങ്ങളിൽ‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ തീരുമാനങ്ങളും വിശദീകരിച്ചു. യു.എ.ഇ.യുടെ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണടാങ്കറുകൾ‍ അടക്കം നാലുകപ്പലുകൾ‍ക്കുനേരെ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ സന്ദർ‍ശനം.      

 

യു.എസുമായി നിലനിൽ‍ക്കുന്ന പ്രശ്‌നത്തിൽ‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർ‍ശനമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ, ചൈന, ഇറാഖ്, തുർ‍ക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളും സന്ദർ‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ യു.എസ്. വാണിജ്യസെക്രട്ടറി വിൽ‍ബർ‍ റോസ്, ഇറാനുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കാവശ്യമായ എണ്ണ സൗദി, യു.എ.ഇ. ഉൾ‍പ്പെടെയുള്ള രാജ്യങ്ങളിൽ‍നിന്ന് ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു.

You might also like

Most Viewed