മുതിർ‍ന്നനേതാക്കൾ‍ക്കെതിരേ തുറന്നടിച്ച് രാഹുൽ‍ഗാന്ധി


ന്യൂഡൽ‍ഹി: മുതിർ‍ന്നനേതാക്കൾ‍ക്കെതിരേ തുറന്നടിച്ച് കോൺ‍ഗ്രസ് അധ്യക്ഷൻ രാഹുൽ‍ ഗാന്ധി. തെരഞ്ഞെടുപ്പുപ്രചാരണത്തിനല്ല മക്കൾ‍ക്കു സ്ഥാനാർ‍ഥിത്വം ഉറപ്പിക്കാനാണ് മുതിർ‍ന്ന നേതാക്കൾ‍ സമയം ചെലവഴിച്ചതെന്നും നേതാക്കളുടെ പേരെടുത്തു പറഞ്ഞ് കോൺ‍ഗ്രസ് പ്രവർ‍ത്തകസമിതി യോഗത്തിൽ‍ രാഹുൽ‍ കുറ്റപ്പെടുത്തി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ‍നാഥ്, രാജസ്ഥാൻ‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ‍ കേന്ദ്രധനമന്ത്രി പി. ചിദംബരം എന്നിവരെയാണ് രാഹുൽ‍ പേരെടുത്തു വിമർ‍ശിച്ചത്. ഗെലോട്ടും കമൽ‍നാഥും ചിദംബരവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ‍ സജീവമായി ശ്രദ്ധിച്ചില്ല. മൂന്നുപേരും അവരുടെ മക്കൾ‍ക്ക് സീറ്റ് നേടികൊടുക്കാനാണ് ശ്രദ്ധിച്ചത്. മക്കൾ‍ക്കു സീറ്റ് നൽ‍കുന്നത് ദോഷം ചെയ്യുമെന്നു കമൽ‍നാഥിനോടും ഗെലോട്ടിനോടും താൻ‍ പറഞ്ഞതാണ്. എന്നാൽ‍ അവർ‍ രണ്ടുപേരും ആവശ്യത്തിൽ‍ ഉറച്ചുനിന്നു. സീറ്റ് നൽ‍കിയില്ലെങ്കിൽ‍ രാജിവയ്ക്കുമെന്നു കമൽ‍നാഥ് ഭീഷണി മുഴക്കിയെന്നും രാഹുൽ‍ യോഗത്തിൽ‍ പറഞ്ഞു. ശക്തരായ പ്രാദേശിക നേതാക്കളെ കോൺ‍ഗ്രസ് വളർ‍ത്തിയെടുക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടപ്പോഴായിരുന്നു രാഹുലിന്റെ മറുപടി.

കമൽ‍നാഥിന്റെ മകൻ‍ നകുൽ‍നാഥ് മധ്യപ്രദേശിലെ ചിന്ത്‌വാര മണ്ഡലത്തിൽ‍നിന്നു വിജയിച്ചിരുന്നു. കോൺ‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ‍ നിന്ന് പാർ‍ട്ടിക്ക് കിട്ടിയ ഏകസീറ്റും ഇതാണ്. തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിൽ‍നിന്ന് കാർ‍ത്തി ചിദംബരം മൂന്നേകാല്ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതേസമയം കോൺ‍ഗ്രസിന് ഒറ്റസീറ്റ്‌പോലും ലഭിക്കാത്ത രാജസ്ഥാനിൽ‍ ഗെലോട്ടിന്റെ മകന്‍ െവെഭവ് ഗെലോട്ട് ബി.ജെ.പിയുടെ സിറ്റിങ് എം.പിയോടാണ് പരാജയപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജിപ്രഖ്യാപനം നടത്തിയ പ്രവർ‍ത്തകസമിതിയോഗത്തിലാണ് പതിവില്ലാത്തവിധം മുതിർ‍ന്ന നേതാക്കൾ‍ക്കെതിരേ രാഹുൽ‍ വിമർ‍ശനമുന്നയിച്ചത്.

അതേസമയം രാജിവയ്ക്കുമെന്ന നിലപാടിൽ‍നിന്ന് രാഹുൽ‍ പിന്നോട്ടുപോയേക്കുമെന്നാണു പാർ‍ട്ടി വൃത്തങ്ങൾ‍. രാജിതള്ളിയ പ്രവർ‍ത്തകസമിതി സംഘടനാ പുന:സംഘടനയടക്കമുള്ള എല്ലാ തുടർ‍നടപടികൾ‍ക്കും രാഹുലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഗാന്ധികുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കണമെന്നും താൻ സാധാരണ പ്രവർ‍ത്തകനായി ഉണ്ടാകുമെന്നുമായിരുന്നു രാഹുൽ‍ യോഗത്തിൽ‍ സ്വീകരിച്ച നിലപാട്. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാൾ‍ ഇപ്പോഴത്തെ സാഹചര്യത്തിൽ‍ പാർ‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയാൽ‍ സ്ഥിതിഗതികൾ‍ കൂടുതൽ‍ മോശമാകുമെന്നാണ് മുതിർ‍ന്ന നേതാക്കളുടെ വിലയിരുത്തൽ‍.

You might also like

Most Viewed