എന്റെ സഹോദരൻ പൊരുതിയത് ഏകനായി; മുതിർ‍ന്ന നേതാക്കൾ‍ക്ക് എതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി


ന്യൂഡൽ‍ഹി: കോൺ‍ഗ്രസിലെ മുതിർ‍ന്ന നേതാക്കൾ‍ക്ക് എതിരെ പ്രവർ‍ത്തക സമിതി യോഗത്തിൽ‍ രൂക്ഷ വിമർ‍ശനവുമായി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിൽ‍ എന്റെ സഹോദരൻ‍ ഏകനായാണ് പോരാടിയതെന്നും ഈ തോൽ‍വിയുടെ ഉത്തരവാദിത്വം എല്ലാവർ‍ക്കുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ താൻ‍ ഉയർ‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പല നേതാക്കൾ‍ക്കും വീഴ്ച സംഭവിച്ചെന്ന രാഹുലിന്റെ വിമർ‍ശനത്തിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമർ‍ശനം.

തോൽ‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളിൽ‍ത്തന്നെ ഇരിക്കുന്നുണ്ടെന്നു പറഞ്ഞാണ് പ്രിയങ്ക സംസാരിച്ച് തുടങ്ങിയത്. റഫാൽ‍ വിഷയത്തിലെ ‘ചൗക്കിദാർ‍ ചോർ‍ ഹെ’ മുദ്രാവാക്യം പോലും ഏറ്റെടുക്കാൻ ആരും തയ്യാറായില്ലെന്നും തോൽ‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളിൽ‍ത്തന്നെ ഇരിക്കുന്നുണ്ടെന്നും പ്രിയങ്ക തുറന്നടിച്ചു.

നിലവിലെ സാഹചര്യത്തിൽ‍ അധ്യക്ഷ പദവിയൊഴിയുന്നത് ബി.ജെ.പിയുടെ കെണിയിൽ‍ വീഴുന്നതിനു തുല്യമാണെന്നും മുഖ്യശത്രുവായ രാഹുലിനെ രാഷ്ർടീയത്തിൽ‍ നിന്ന് ഒഴിവാക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും പ്രിയങ്ക വ്യക്തമാക്കി.

ശനിയാഴ്ച നടന്ന പ്രവർ‍ത്തകസമിതി യോഗത്തിൽ‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ‍നാഥ്, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവർ‍ക്കെതിരെ രാഹുൽ‍ വിമർ‍ശനം ഉന്നയിച്ചിരുന്നു. പ്രതിസന്ധിഘട്ടങ്ങളിലും ഇവർ‍ മക്കൾ‍ക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്ന് കോൺ‍ഗ്രസ് അധ്യക്ഷൻ തുറന്നടിച്ചിരുന്നു.

You might also like

Most Viewed