ജയ്റ്റ്‍ലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കേന്ദ്രം


ന്യൂഡൽഹി: ധനമന്ത്രി അരുൺ ജയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ. ജെയ്റ്റ്‍ലിക്ക് ആരോഗ്യ പ്രശനങ്ങളില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാർ വക്താവ് സിതാംശു കർ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ജെയ്റ്റ്‍ലിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അനാരോഗ്യം കാരണമാണ് ബിജെപിയുടെ വിജയാഘോഷങ്ങൾക്ക് ജയ്റ്റ്‌ലി എത്താതിരുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. നിലവിലെ സർക്കാരിന്‍റെ അവസാന കാബിനറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അതേസമയം, വരുന്ന മന്ത്രിസഭയിൽ ജയ്റ്റ്‌ലി അംഗമാകുമോ എന്നകാര്യം വ്യക്തമല്ല. കഴിഞ്ഞ വർഷം മേയിൽ വൃക്ക ശസ്ത്രക്രിയയ്ക്കു അദ്ദേഹം വിധേയനായിരുന്നു. പിന്നീട് ജനുവരിയിൽ യുഎസിൽ ചികിത്സയ്ക്കായി പോയിരുന്നു. റെയിൽവേ മന്ത്രി പീയൂഷ് ഗോയലായിരുന്നു ഈ സമയത്ത് ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്നത്.

You might also like

Most Viewed