കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ദത്തെടുക്കപ്പെട്ടതിൽ 60 ശതമാനവും പെൺകുട്ടികൾ


ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിൽ ദത്തെടുക്കപ്പെട്ട 60% കുട്ടികളും പെൺകുട്ടികളെന്ന് സർക്കാർ കണക്കുകൾ. 2015മുതൽ 2018വരെ 6962 പെൺകുട്ടികളെയും 4687 ആൺകുട്ടികളെയുമാണ് ദത്തെടുത്തത്. ഫെബ്രുവരി എട്ടിന് ലോക്സഭയിൽ വനിതശിശുക്ഷേമ മന്ത്രാലയം കൊടുത്ത കണക്കാണിത്.

2015മുതൽ 18വരെയുള്ള കാലഘട്ടത്തിൽ 11649 കുട്ടികളാണ് ദത്തെടുക്കപ്പെട്ടത്. ഇതിൽ 6962പേരും പെൺകുട്ടികളാണ്. അതായത് ആകെ ദത്തെടുക്കപ്പെട്ട കുട്ടികളുടെ 60% വരുമിത്.

ഇന്ത്യയ്ക്കകത്തും പുറത്തേക്കുമായി ദത്തെടുക്കപ്പെട്ട കുട്ടികളുടെ ആകെ കണക്കാണിത്. 2015−2016ൽ ദത്തെടുക്കാനായി പട്ടികയിൽ ഇടം നേടിയ 3011 കുട്ടികളിൽ 1855 പേരും പെൺകുട്ടികളായിരുന്നു. 2016−17 ആയപ്പോൾ പെൺകുട്ടികളുടെ എണ്ണം 1915 ആയി വർധിച്ചു. 2017−18ലും 2018−19ലും ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 3276 , 2152 പേരായിരുന്നു ദത്തെടുക്കാനുള്ള പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 1943, 1249 എന്നിങ്ങനെയായിരുന്നു പെൺകുട്ടികളുടെ എണ്ണം.

പെൺകുട്ടികളോടുള്ള വിവേചനം രാജ്യത്ത് കുറഞ്ഞ് വരുന്നതിനുള്ള തെളിവാണ് ഈ കണക്കുകൾ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

You might also like

Most Viewed