മുംബൈയിൽ ഡോക്ടർ ജീവനൊടുക്കിയിത് ജാതീയ അധിക്ഷേപങ്ങളിൽ മനംനൊന്ത്


ന്യൂഡൽ‍ഹി: മുംബൈയിൽ‍ ഇരുപത്തിമൂന്നുകാരിയായ ഡോക്ടർ‍ ജീവനൊടുക്കിയത് മുതിർ‍ന്ന ഡോക്ടർ‍മാരുടെ ജാതീയ അധിക്ഷേപത്തിൽ‍ മനംനൊന്താണെന്ന് ഡോക്ടറുടെ അമ്മ ആരോപിച്ചു. മുംബൈ ബിവൈഎൽ‍ നായർ‍ ആശുപത്രിയിൽ‍ 22−നാണു ഡോ. പായൽ‍ സൽ‍മാൻ തട്‌വിയെ മരിച്ച നിലയിൽ‍ കണ്ടെത്തിയത്. മൂന്നു മുതിർ‍ന്ന ഡോക്ടർ‍മാർ‍ തന്നെ നിരന്തരം ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നു മരണത്തിനു മുന്പ് പായൽ‍ ആരോപിച്ചിരുന്നു. ഡോ. ഹേമ അഹൂജ, ഡോ. ഭക്തി മെഹൽ‍, ഡോ. അങ്കിത ഖണ്ഡിൽ‍വാൾ‍ എന്നിവരുടെ അംഗത്വം മഹാരാഷ്ട്ര റസിഡന്റ് ഡോക്‌ടേഴ്‌സ് റദ്ദാക്കി. ഇവർ‍ മൂവരും ഇപ്പോൾ ഒളിവിലാണ്. 

പ്രതികളെന്ന് സംശയിക്കുന്ന ‍ഡോക്ടർമാർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായി  സീനിയർ പോലീസ് ഓഫിസർ ദീപക് കുണ്ഡൽ  അറിയിച്ചു. എസ് സി, എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഏർപ്പെടുത്തിയ ജാമ്യമില്ലാ വകുപ്പുകളും ഇവർക്കെതിരെ ചുമത്തപ്പെടും. 

നിരന്തരമായ അധിക്ഷേപങ്ങൾക്കെതിരെ തന്റെ മകൾ മാനേജുമെന്റിന് പരാതി നൽകിയിരുന്നെങ്കിലും അത് പരിഗണിക്കാൻ അവർ തയ്യാറായില്ലെന്നാണ് തട്വിയുടെ അമ്മ പറഞ്ഞത്. എന്നോട് ഫോണിൽ സംസാരിക്കുന്പോഴൊക്കെ ഒരു ഗോത്ര വിഭാഗത്തിൽ നിന്ന് വന്നതിനാൽ  മൂന്ന് ഡോക്ടർമാർ അവളെ ജാതീയമായി അധിക്ഷേപിക്കുന്ന കാര്യം പറയും. അവർ നിരന്തരം അവളെ  പീഡിപ്പിച്ചിരുന്നു. എന്റെ മകൾക്ക് നീതി ലഭിക്കണം തട്വിയുടെ അമ്മ  അബേദ പറഞ്ഞു.

എന്നാൽ അബേദയുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ഈ വിഷയത്തിൽ ആരിൽനിന്നും  പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിവൈഎൽ‍ നായർ‍ ആശുപത്രി ഡീൻ രമേശ് ബർമൽ പറയുന്നത്. ആശുപത്രി ഒരു റാഗിങ് വിരുദ്ധ  കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തട്വിയുടെ അമ്മ മാനേജുമെന്റിന് പരാതി നൽകിയിരുന്നെന്നും കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ തട്വിയുടെ ജീവനും പ്രതിചേർക്കപ്പെട്ട മൂന്ന് ‍ഡോക്ടർമാരുടെ ഭാവിയും രക്ഷിക്കാമായിരുന്നെന്ന് തട്വിയുടെ സഹപ്രവർത്തക പറഞ്ഞു.

You might also like

Most Viewed