പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകി


ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കുന്ന കാര്യത്തിൽ‍ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ  അധ്യക്ഷനെ കണ്ടെത്താൻ രാഹുൽ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി. തീരുമാനത്തിൽ‍ മാറ്റമില്ലെന്ന് മുതിർ‍ന്ന നേതാക്കളായ അഹമ്മദ് പട്ടേൽ‍, കെ.സിവേണുഗോപാൽ‍ എന്നിവരെ രാഹുൽ‍ അറിയിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കാണാൻ വിസമ്മതിച്ച രാഹുൽ തന്റെ എല്ലാ യോഗങ്ങവും  കൂടിക്കാഴ്ചകളും റദ്ദുചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ‍ഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ആധ്യക്ഷ പദവി രാജിവയ്ക്കാൻ രാഹുൽ സന്നദ്ധത അറിയിച്ചത്.

ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികമായ ഇന്ന് അദ്ദേഹത്തിന് ആദരാ‍ജ്ഞലികൾ അർപ്പിച്ച് രാഹുൽ ചെയ്ത ട്വീറ്റിൽ അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു. ഇന്ത്യ പോലുള്ള പല ജനാധിപത്യ രാജ്യങ്ങളും ഇന്ന് ഏകാധിപത്യ ഭരണത്തിലേക്ക് അധപതിക്കുകയാണ്. നെഹ്റുവിന്റെ ചരമദിനമായ ഇന്ന്, ‌‌കഴിഞ്ഞ 70 വർഷം ഒരു ജനാധിപത്യ രാജ്യമായി തുടരാൻ അദ്ദേഹം നൽകിയ ശക്തവും സ്വതന്ത്രവും ആധുനികവുമായ സംഭാവനകൾ ഓർക്കുകയെന്നും  രാഹുൽ ട്വിറ്ററിൽ കുറിച്ചു.

രാഹുൽ രാജി സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോൾ പദവി ഉപേക്ഷിക്കില്ല  എന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സമയം അദ്ദേഹം പാർട്ടിക്ക് നൽകുമെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഹുലിന്റെ തീരുമാനത്തോട് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ  അനുകൂല സമീപനമാണ് കാണിക്കുന്നത്. 

കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കോൺ‍ഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.പ്രതിസന്ധിഘട്ടങ്ങളിലും ഇവർ മക്കൾക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്നാണ് രാഹുൽ പറഞ്ഞത്.

You might also like

Most Viewed