ശാരദാ ചിട്ടിതട്ടിപ്പ്കേസ്; രാജീവ്കുമാർ‍ സിബിഐയ്ക്കു മുന്‍പാകെ ഹാജരായില്ല


ന്യൂഡൽ‍ഹി: ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍ കോൽ‍ക്കത്ത പോലീസ് കമ്മീഷണർ‍ രാജീവ് കുമാർ‍ സി.ബി.ഐയ്ക്ക് മുന്‍പാകെ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ച പത്തിന് സി.ബി.ഐയ്ക്ക് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ‍, രാജീവ് കുമാർ‍ ഹാജരായില്ലെന്നും നിലവിൽ‍ ബംഗാൾ‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാർ‍ട്‌മെന്റിൽ‍ (സി.ഐ.ഡി) ജോലി ചെയ്യുന്ന ഇയാൾ‍ ആറു ദിവസത്തെ ലീവിലാണെന്നും സി.ബി.ഐ വൃത്തങ്ങൾ‍ വ്യക്തമാക്കി.

ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് കൂടുതൽ‍ സമയം ആവശ്യപ്പെട്ട് രാജീവ് കുമാർ‍ സിബിഐയ്ക്ക് കത്തയച്ചെന്നാണ് വിവരം. വാർ‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് സംബന്ധിച്ച വിവരം റിപ്പോർ‍ട്ട് ചെയ്തത്. നേരത്തെ, ഇക്കഴിഞ്ഞ 17ന് രാജീവ് കുമാറിനെ കസ്റ്റഡിയിൽ‍ എടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അന്ന്, രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏർ‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കുകയും ചെയ്തതാണ്. ജസ്റ്റീസ് ഇന്ദിര ബാനർ‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതായിരുന്നു വിധി. അന്വേഷണവുമായി രാജീവ് കുമാർ‍ സഹകരിക്കുന്നില്ലെന്നും, കേസിൽ‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സി.ബി.ഐ വാദിച്ചിരുന്നു. ഇതേത്തുടർ‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നൽ‍കിയത്.

You might also like

Most Viewed