ദുബായ് വിമാനത്താവളത്തില്‍ പ്രസവിച്ച യുവതിക്ക് സഹായമൊരുക്കിയ ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ചുദുബായ്: പ്രസവ വേദനയാല്‍ പുളഞ്ഞ ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സഹായം നല്‍കുകയും പ്രസവത്തിന് സൗകര്യമൊരുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥക്ക് ദുബായ് പോലീസ് സ്ഥാനക്കയറ്റം നല്‍കി. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹനാന്‍ ഹുസൈന്‍ മുഹമ്മദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. ഇവരെ സഹായിച്ച മലയാളിയായ പാരാമെഡിക്കല്‍ ജീവനക്കാരന്‍ ബിനീഷ് ചാക്കോയെയും പോലീസ് ആദരിച്ചു.   
 ഈ വര്‍ഷം ഏപ്രിലില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലായിരുന്നു സംഭവം. ഡ്യൂട്ടി സമയം അവസാനിച്ച് ഹനാന്‍ വീട്ടിലേക്ക് പോകാനൊരുങ്ങവെയാണ് 26കാരിയായി ഇന്ത്യന്‍ യുവതി കടുത്ത വേദനയുമായി സമീപിച്ചത്. പരിശോധിച്ചപ്പോള്‍ വസ്ത്രത്തില്‍ രക്തം പുരണ്ടിരിക്കുന്നത് കണ്ടു. ഉടന്‍ ആംബുലന്‍സ് വിളിച്ചപ്പോഴേക്കും താന്‍ ആറ് മാസം ഗര്‍ഭിണിയാണെന്ന് യുവതി ഹനാനോട് പറഞ്ഞു. പ്രസവ വേദനയാണെന്ന് മനസിലാക്കിയ ഹനാന്‍ ഉടന്‍ തന്നെ യുവതിയെ വിമാനത്താവളത്തിലെ ഇന്‍സ്‍പെക്ഷന്‍ റൂമിലേക്ക് മാറ്റി.
അപ്പോഴേക്കും കുഞ്ഞിന്റെ തല പുറത്തുവന്നിരുന്നു. ധൈര്യം കൈവിടാതെ പോലീസ് ഉദ്യോഗസ്ഥ പ്രസവം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മാസം തികയാതെ പ്രസവിച്ച കുഞ്ഞ് പുറത്തുവന്നശേഷം കരയുകയോ ശ്വാസമെടുക്കുകയോ ചെയ്തില്ല. അപകടകരമായതെന്തോ സംഭവിച്ചുവെന്ന് മനസിലാക്കിയ ഹനാന്‍ ഉടന്‍ കുഞ്ഞിനെയെടുത്ത് രണ്ട് തവണ പുറത്തുതട്ടി. എന്നിട്ടും കുഞ്ഞ് കരയാതിരുന്നതോടെ ധൈര്യം സംഭരിച്ച് കുഞ്ഞിന് സി.പി.ആര്‍ നല്‍കി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം എല്ലാവര്‍ക്കും ആശ്വാസം പകര്‍ന്ന് ഒരു അദ്ഭുതം പോലെ കുഞ്ഞിന്റെ കരച്ചില്‍ മുറിയില്‍ നിറ‌ഞ്ഞു. അമ്മയെയും ആണ്‍കുഞ്ഞിനെയും ഉടന്‍ തന്നെ ലതീഫ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

You might also like

Most Viewed