ജനങ്ങൾ അർ‍പ്പിച്ച വിശ്വാസം പൂർ‍ണ്ണമായും നിറവേറ്റുമെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷ സ്വരം പ്രധാനപ്പെട്ടത്


ന്യൂഡൽഹി: ജനങ്ങൾ അർ‍പ്പിച്ച വിശ്വാസം പൂർ‍ണ്ണമായും നിറവേറ്റുമെന്നും ജനങ്ങൾ നൽകിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാർ‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

വൻ ഭൂരിപക്ഷത്തോടെയാണ് സർ‍ക്കാർ‍ അധികാരത്തിലെത്തുന്നത്. സർ‍ക്കാരിന്‍റെ പ്രവർ‍ത്തനത്തിന് പ്രതിപക്ഷത്തിന്‍റെ സ്വരം പ്രധാനമാണെന്നും നരേന്ദ്രമോദി പറഞ്ഞു, മാധ്യമങ്ങളുടെ സ്വരം പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ദശകങ്ങൾക്ക് ശേഷമാണ് ഒരു സർക്കാർ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങൾ ഒരിക്കൽകൂടി ഞങ്ങൾക്ക് നൽകി. ജനങ്ങൾക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുന്നുവെന്നും മോദി പറഞ്ഞു.

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനും ഇന്ന് തുടക്കമാകുകയാണ്. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. ഈ സമ്മേളനത്തിൽ തന്നെ രണ്ടാം മോദി സർ‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാർ‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ളവർ‍ക്ക് ശേഷം അക്ഷരമാലാക്രമത്തിൽ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

543 അംഗങ്ങളിൽ 267 പേർ‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16−ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17−ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.

You might also like

Most Viewed