ഹൂഗ്ലി നദിയിൽ അപകടത്തിൽപ്പെട്ട മജീഷ്യന്റെ മൃതദേഹം കണ്ടെത്തി


കൊൽക്കത്ത: മാജിക്ക് അവതരിപ്പിക്കുന്നതിനിടെ ഹൂഗ്ലി നദിയിൽ അപകടത്തിൽപ്പെട്ട മജീഷ്യന്റെ മൃതദേഹം കണ്ടെത്തി. മാൻഡ്രേക്ക് എന്നറിയപ്പെടുന്ന സോനാർപുർ സ്വദേശി ചഞ്ചൽ ലാഹിരിയാണ് (40) കൊൽക്കത്തയിൽ നടത്തിയ പ്രകടനത്തിനിടെ അപകടത്തിൽപ്പെട്ടത്. കൈകാലുകൾ ബന്ധിച്ച് കൂട്ടിലടച്ച് വെള്ളത്തിൽ താഴ്ത്തി, വെള്ളത്തിനടിയിൽനിന്ന് സ്വയം രക്ഷപ്പെടുന്ന മാജിക്കിനായാണ് ചഞ്ചൽ നദിയിലേക്ക് ചാടിയത്. എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനാൽ, മരണം സംഭവിച്ചിട്ടുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 

ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഹൗറ പാലത്തിന്റെ 28ാം നമ്പർ പില്ലറിന് സമീപമാണ് ലാഹിരിയെ കാണാതായത്. പോലീസും ഡിസാസ്റ്റർ മാനേജ്മെന്റ് സംഘവും ചഞ്ചല്‍ ലാഹിരിക്കായി തിരച്ചിൽ നടത്തി. ഡൈവർമാർ ആഴത്തിലേയ്ക്ക് പോയി തിരഞ്ഞെങ്കിലും ചഞ്ചൽ ലാഹിരിയെ കണ്ടെത്താനായില്ല. തുടർന്നാണ് ഇന്നലെ വൈകി അപകടം നടന്നതിന് ഒരു കിലോമീറ്റർ അകലയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. 

അനുമതി വാങ്ങിയ ശേഷമാണ് ചഞ്ചൽ ലാഹിരി മാജിക് നടത്തിയത്. എനിക്ക് ഇത് തുറക്കാൻ കഴിയുമെങ്കിൽ അത് മാജിക് ആയിരിക്കും, പക്ഷെ അതിന് സാധിച്ചില്ലെങ്കിൽ അത് ദുരന്തമായിരിക്കും”−മാജിക്കിന് തൊട്ടുമുമ്പ് അദ്ദേഹം മാജിക് കാണാനെത്തിയ ആൾക്കൂട്ടത്തോട് പറ‌ഞ്ഞിരുന്നു. 

അതേസമയം, മതിയായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു. കൈയും കാലും കെട്ടി കൂടിനകത്ത് കയറിയാണ് ചഞ്ചൽ ലാഹിരി സാഹസപ്രകടനത്തിനിറങ്ങിയത്. ക്രെയിനിൽ കൂട് ഹൂഗ്ലി നദിയിലേയ്ക്ക് ഇറക്കുകയായിരുന്നു. കെട്ടുകൾ അഴിച്ച് ചഞ്ചൽ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്.

എന്നാൽ, ചഞ്ചൽ ലാഹിരിയുടെ സാഹസിക പ്രകടനത്തിന് കയ്യടിച്ച കാണികൾ, 10 മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടർന്ന് പരിഭ്രാന്തിയിലായി. ഉടൻ പോലീസിനേയും ഡിസാസ്റ്റർ മാനേജ്‌മെന്റിനേയും വിവരമറിയിക്കുകയായിരുന്നു. വെള്ളത്തിന് അടിയിൽ വച്ച് കെട്ടുകൾ അഴിക്കാനാവതിരുന്നതാണ് ചഞ്ചൽ ലാഹിരിയുടെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

 

You might also like

Most Viewed