കർണാടക പ്രതിസന്ധി: ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് സുപ്രീംകോടതി


ന്യൂഡൽഹി: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ ഇന്നു തന്നെ സ്പീക്കർ തീരുമാനം എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ന് വൈകീട്ട് ആറ് മണിക്കകം തീരുമാനം വേണമെന്നാണ് സുപ്രീംകോടതിയുടെ ആവശ്യം. വൈകുന്നേരം ആറിനു മുന്പ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്താൻ എം.എൽ.എമാരോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. വിമത കോൺഗ്രസ് എം.എൽ.എമാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ ഉണ്ടായത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. 

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി എംഎൽഎമാർക്കു വേണ്ടി കോടതിയിൽ ഹാജരായി. രാജിവച്ച എം.എൽ.എമാരിൽ പത്ത് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്പീക്കർ കെ.ആർ. രമേശ് കുമാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും തങ്ങളുടെ രാജി സ്വീകരിക്കാതെ ന്യൂനപക്ഷമായ സർക്കാരിന്‍റെ ആയുസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം.  

You might also like

Most Viewed