വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറെന്ന് കുമാരസ്വാമി


ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് സഖ്യസര്‍ക്കാര്‍. മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സഖ്യസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിലവിലെ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടും. സര്‍ക്കാര്‍ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ നേരിടാന്‍ തയ്യാറാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളെല്ലാം കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു, മന്ത്രി കൃഷ്ണ ഭൈര ഗൗഡ പ്രതികരിച്ചു. അധികാരത്തില്‍ ഏറിയത് മുതല്‍ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം സര്‍ക്കാര്‍ അതിജീവിച്ചു. നിലവില്‍ കടുത്ത പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ ഒറ്റക്കെട്ടായി തന്നെ ഇതിനേയും നേരിടും, മന്ത്രി പറഞ്ഞു.

16 ഭരണകക്ഷി എംഎല്‍എമാരാണ് രാജിവെച്ചത്. 224 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയായിരുന്നു സഖ്യസര്‍ക്കാരിന് ഉണ്ടായിരുന്നത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടേയും രാജിവെച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരുടേയും കൂടി പിന്തുണയോട് കൂടിയാണിത്. 105 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാജിവെച്ച രണ്ട് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ അറിയിച്ചതോടെ ഇത് 107 ആയി. അതേസമയം കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന്‍റെ അംഗബലം 101 ലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

You might also like

Most Viewed