ചാന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവെച്ചു, സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ


ശ്രീഹരിക്കോട്ട: രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയാണ് മാറ്റിവെക്കേണ്ടി വന്നത്. അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും അതീവ മുന്‍കരുതലിന്റെ ഭാഗമായി വിക്ഷേപണം മാറ്റിവെക്കുകയാണെന്നും പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം എന്താണു കണ്ടെത്തിയ സാങ്കേതിക തകരാറെന്നു ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചന്ദ്രയാന്‍-2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 6.51-ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുള്‍പ്പെടെയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങള്‍ ഇല്ല. ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് ചന്ദ്രയാൻ ദൗത്യത്തിന്‍റേതെന്ന് ചുരുക്കം.
ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ലക്ഷ്യം വച്ചിരുന്നത്.

You might also like

Most Viewed