കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന പരാതിയുമായി കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍


ബെംഗലൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി മുംബൈ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍. 14 എം.എല്‍.എമാര്‍ മുംബൈ പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയില്‍ ഇവര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിലേക്ക് വരാനിരിക്കെയാണ് വിമതര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
മല്ലാകാര്‍ജുന ഖാര്‍ഗെ, ഗുലാം നബി ആസാദ് തുടങ്ങി കര്‍ണാടകയിലെയോ മഹാരാഷ്ട്രയിലേയോ ഉള്‍പ്പെടെയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളെ ആരെയും കാണാന്‍ തങ്ങള്‍ താത്പര്യപെടുന്നില്ലെന്ന് മുംബൈ പോലീസിന് നല്‍കിയ കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വലിയ ഭീഷണിയുണ്ടെന്നും പൊലീസിന് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

13 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് നിലവില്‍ രാജിവെച്ചത്. എന്നാല്‍ കര്‍ണാടക സ്പീക്കര്‍ രാജി സ്വീകരിച്ചിട്ടില്ല. 16 പേര്‍ രാജിക്കത്ത് നല്‍കിയതോടെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീം.കോടതിയുടെ പരിഗണനയിലാണ്..

You might also like

Most Viewed