ഹിമാചലിൽ കെട്ടിടം തകർ‌ന്ന് 2 പേർ മരിച്ചു; സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്


ന്യൂഡൽ‌ഹി∙ ഹിമാചൽ പ്രദേശിൽ ബഹുനിലകെട്ടിടം തകർ‌ന്നുവീണ് രണ്ടു മരണം. ഒരു ഇന്ത്യൻ സൈനികനും സ്ത്രീയുമാണ് മരിച്ചത്. സൈനികരുൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. 23 ഓളം പേരേ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിംലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സോളനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 12 സൈനികരും 7 പ്രദേശവാസികളും ഉൾപ്പെടെ 19 പേർ കെട്ടിടാവശിഷ്ട്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. 
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്നാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നുവീണതെന്നാണ് നിഗമനം. ഉത്തരാഖണ്ഡിലേക്ക് കുടുംബത്തോടൊപ്പം പോകുംവഴി ഭക്ഷണം കഴിക്കാൻ കയറിയ സൈനികരാണ് അപകടത്തിൽപ്പെട്ടത്. 

സംസ്ഥാനത്ത് ശനിയാഴ്ച പെയ്ത കനത്ത മഴയിലും മണ്ണിടിച്ചിലിലും ചണ്ഡിഗഡ് – ഷിംല ദേശീയപാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതു സോളനിലേക്ക് രക്ഷാപ്രവർത്തകർ എത്തുന്നതിനു തടസ്സമാകുന്നുണ്ടെന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ രക്ഷാപ്രവർ‌ത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നു ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ‌ പറഞ്ഞു.

You might also like

Most Viewed