എംഎല്‍എയുടെ മകള്‍ക്കും ഭര്‍ത്താവിനും പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം


ലഖ്നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ പിതാവിൽ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാക്ഷി മിശ്രയ്ക്കും ഭർത്താവ് അജിതേഷിനും പോലീസ് സംരക്ഷണം നൽകാൻ കോടതി നിർദ്ദേശം. അലഹബാദ് ഹൈക്കോടതിയാണ് പോലീസ് സംരക്ഷണത്തിന് നിർദ്ദേശം നൽകിയത്.
ബറേലിയിലെ ബി.ജെ.പി എംഎൽഎ രാജേഷ് മിശ്രയുടെ മകളായ സാക്ഷിയും ദളിത് യുവാവായ അജിതേഷും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നുള്ള വിവാഹമായതിനാൽ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതിപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം വ്യക്തമാക്കി സാക്ഷി രംഗത്തു വന്നിരുന്നു.
അതിനിടെ കോടതി പരിസരത്ത് വെച്ച് അജിതേഷിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. തുടർന്നാണ് സംരക്ഷണം തേടി ഇവർ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ വിവാഹ ജീവിതമാണാഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഇരുവരേയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായും വാർത്ത പരന്നിരുന്നു. എന്നാൽ ഇക്കാര്യം പോലീസ് നിഷേധിച്ചു.

You might also like

Most Viewed