ചന്ദ്രശേഖറിന്‍റെ മകൻ എം.പി സ്ഥാനം രാജിവച്ചു; ബി.ജെ.പിയിലേക്ക്


ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകൻ സമാജ്വാദി പാർട്ടി എം.പി നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവച്ചു. പാർട്ടി അംഗത്വവും രാജിവച്ചിട്ടുണ്ട്. നീരജ് ബി.ജെ.പിയിൽ ചേരുമെന്നാണു സൂചന. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനാണ് നീരജ്. നീരജിന് അടുത്ത വർഷം വരെ രാജ്യസഭയിൽ കാലാവധിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബല്ലിയയിൽ നിന്നു മത്സരിക്കാനുള്ള നീരജിന്‍റെ ശ്രമം അഖിലേഷ് യാദവ് തടഞ്ഞതാണ് പാർട്ടി വിടാൻ കാരണമായതെന്നാണു സൂചന.
2007 ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ പിതാവ് മത്സരിച്ചിരുന്ന ബല്ലിയ മണ്ഡലത്തിൽ നിന്ന് നീരജ് വിജയിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും പാർലമെന്‍റിൽ ജയിച്ചെത്തി. ഉത്തർപ്രദേശിൽനിന്നു തന്നെ ബിജെപി നീരജിനെ രാജ്യസഭയിലേക്ക് അയച്ചേക്കുമെന്നാണു റിപ്പോർട്ട്. നീരജിന്‍റെ രാജിയോടെ രാജ്യസഭയിലെ എസ്പി അംഗങ്ങളുടെ എണ്ണം ഒന്പതായി. ലോക്സഭയിൽ അഞ്ച് അംഗങ്ങളാണ് എസ്പിക്കുള്ളത്.

You might also like

Most Viewed