വിമത എം.എൽ.എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കർക്ക് നിർദേശം നൽകാനാകില്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കർക്ക് നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനാ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ മാത്രമേ സ്പീക്കർക്ക് ആകൂ എന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. രാജിവെച്ച എംഎൽഎമാരിൽ രണ്ടുപേർക്കെതിരെ അയോഗ്യതാ നടപടികൾ നടക്കുന്നതായി റോത്തഗി കോടതിയെ അറിയിച്ചു. രാജിവെച്ച് ജനങ്ങളിലേക്ക് തിരിച്ചുപോവുക തങ്ങളുടെ അവകാശമാണെന്നും,രാജി അംഗീകരിക്കാതെ, എം.എൽ.എ ആയി തുടരാൻ സ്പീക്കർ തങ്ങളെ നിർബന്ധിക്കുന്നുവെന്നും എം.എൽ.എമാർ റോത്തഗി മുഖാന്തിരം കോടതിയെ അറിയിച്ചു. എംഎൽഎമാരുടെ രാജി സ്വമേധയാ നൽകിയതാണോ ആരുടെയെങ്കിലും സമർദ്ദം മൂലം നൽകിയതാണോ എന്ന് പരിശോധിക്കണം എന്ന ഒറ്റക്കാര്യം പറഞ്ഞാണ് സ്പീക്കർ രാജി അംഗീകരിക്കാത്തത് എന്ന് റോത്തഗി വ്യക്തമാക്കി താല്പര്യമില്ലാത്ത വിഭാഗത്തിനൊപ്പം തുടരാൻ എം.എല്‍.എമാരെ സപീക്കര്‍ നിർബന്ധിക്കുകയാണ്. രാജി അംഗീകരിച്ചാൽ കർണാടക സർക്കാർ ന്യൂനപക്ഷമാകും. അതുകൊണ്ടാണ് സ്പീക്കർ രാജി അംഗീകരിക്കാത്തതെന്നും റോത്തഗി. മുകുള്‍ റോത്തഗിയുടെ വാദത്തിനു ശേഷം സ്പീക്കര്‍ രമേഷ് കുമാറിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയുടെയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍റെയും വാദങ്ങള്‍ കോടതി കേള്‍ക്കും.

You might also like

Most Viewed