ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ശുചീകരണത്തിന് മുൻഗണന നൽകുന്നതൊപ്പം ക്യാമ്പുകളിൽ ശൗചാലയങ്ങൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി യോഗം ചേർന്നത്.
യോഗത്തിൽ ഓരോ ജില്ലകളിലെയും അവസ്ഥകൾ ജില്ലാ കളക്ടർമാർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രണ്ട് ദിവസമായി മഴ മാറി നിൽക്കുന്നതിനാൽ നിലവിൽ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയെന്ന് കളക്ടർമാർ അറിയിച്ചു. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ ക്യാമ്പുകളിൽ നിന്ന് തിരിച്ചുവിട്ടുതുടങ്ങിയെന്നും കളക്ടർമാർ അറിയിച്ചു.
മലബാറിലെ മലയോര മേഖലകളിൽ നിന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങളെ ഒഴിപ്പിച്ചതായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു. മലയിടിച്ചിൽ ഉണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനാവശ്യമായ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കളക്ടർമാർ അറിയിച്ചു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളിൽ അവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കളക്ടർമാർ അറിയിച്ചു.
ഇതിനൊപ്പം മുഖ്യമന്ത്രി ചില നിർദ്ദേശങ്ങൾ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണം. ഒപ്പം വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ആദ്യഘട്ടത്തിൽ കിണറുകൾ ശുചീകരിക്കുന്നതിന് മുൻഗണന നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാനെന്നും മുഖ്യമന്ത്രി നിർദ്ദേശം നകിയിട്ടുണ്ട്.

You might also like

Most Viewed