റണ്‍വേയില്‍ തെരുവുപട്ടികളിറങ്ങി; ഗോവ വിമാനത്താവളത്തില്‍ വിമാനമിറക്കാനായില്ല


ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന്റെ റൺവേയിൽ തെരുവുപട്ടികളിറങ്ങിയതിനേത്തുടർന്ന് പൈലറ്റിന് വിമാനം നിലത്തിറക്കാനായില്ല. ലാൻഡ് ചെയ്യാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് വിമാനം നിലത്തിറക്കാതെ പൈലറ്റ് മുകളിലേക്ക് പറന്നത്. 15 മിനിട്ടുകൾ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് വിമാനം ഇറങ്ങിയത്.
മുംബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനത്തിന് ദബോലിം വിമാനത്താവളത്തിൽ ഇറങ്ങാൻ എല്ലാ അനുമതിയും ലഭിച്ച ശേഷം റൺവേ തൊടുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് അഞ്ചോ ആറോ തെരുവുപട്ടികളെ കണ്ടത്. ഇക്കാര്യം പൈലറ്റ് ഉടൻ എയർട്രാഫിക് കൺട്രോളറെ അറിയിക്കുകയും ചെയ്തു. പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. രാത്രിസമയമായിരുന്നതിനാൽ റൺവേയിലുണ്ടായിരുന്ന പട്ടികളെ കാണാൻ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
വിമാനത്താവളത്തിന്റെ പരിസരത്ത് 200 ലേറെ തെരുവുപട്ടികളുണ്ടെന്നാണ് കണക്ക്. ഇവയെ വന്ധ്യംകരിച്ച് മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി സർക്കാർ പരിഗണനയിലാണ്. നിലവിൽ ആളുകളെ നിയോഗിച്ച് ഇവയെ റൺവേയിൽ കയറാതിരിക്കാൻ നപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നേവൽ എയർ സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed