ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ടു, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി


ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ- 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം(പെരിജി എന്നു ശാസ്ത്രനാമം) പേടകത്തിലെ ദ്രവീകൃത ഇന്ധന എൻജിൻ 1,203 സെക്കൻഡ് ജ്വലിപ്പിച്ചാണ് ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ(ടിഎൽഐ) എന്ന ഈ പ്രക്രിയ ഐഎസ്ആർഒ ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തിയാക്കിയത്. പുലർച്ചെ 3.30-നാണ് ഇതിനായുള്ള നിർണായകമായ ഭ്രമണപഥമുയർത്തൽ നടന്നത്.
ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. 22 ദിവസം ഭൂമിയുടെ വലയത്തിൽ തുടർന്ന ശേഷമാണ് മുൻനിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലർച്ചെ 2.21 ന് ഗതിമാറ്റം വിജയകരമായി പൂർത്തിയാക്കിയത്.  ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയിൽ അഞ്ചു തവണ ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച പുലർച്ചെ ചന്ദ്രയാൻ 2 ന്റെ ഭ്രമണഗതിമാറ്റത്തിലേക്ക് ശാസ്ത്രജ്ഞർ കടന്നത്. വിക്ഷേപണവേളയിൽ 3,850 കിലോ ഭാരമുണ്ടായിരുന്ന ചന്ദ്രയാൻ – 2 ലെ 2,542 കിലോ ഭാരവും അതു വഹിക്കുന്ന ഇന്ധനത്തിന്റേതാണ്. 
ആറു ദിവസം കൂടിക്കഴിഞ്ഞ് ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 എത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു. 'ട്രാൻസ് ലൂണാർ ഇൻജക്ഷൻ' എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. തുടർന്ന് ചന്ദ്രയാൻ-2-ലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. തുടർന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയെത്തിക്കണം. അതിനുശേഷമാണ് സെപ്റ്റംബർ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ-2-ന്റെ ഇറക്കം.
'സോഫ്റ്റ് ലാൻഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാൻഡറി'ൽ നിന്നു 'റോവർ' പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും.
3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ-2-മായി 'ജി.എസ്.എൽ.വി. മാർക്ക് മൂന്ന്' റോക്കറ്റ് ജൂലായ് 22-നാണ് ശ്രീഹരിക്കോട്ടയിൽ നിന്നു കുതിച്ചുയർന്നത്. ഇതിനിടയിൽ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയർത്തി. ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രഗ്യാൻ) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാൻ-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവർത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആർ.ഒ.) വ്യക്തമാക്കി.
പ്രോജക്റ്റ് ഡയറക്ടർ മുത്തയ്യ വനിതയും മിഷൻ ഡയറക്ടർ ഋതു കരിധലും  ഉൾപ്പെടുന്ന ഐഎസ്ആർഒയിലെ ചാന്ദ്രയാൻ 2 ദൗത്യസംഘത്തിന് ലൂണാർ സോഫ്റ്റ് ലാൻഡിങ് എന്ന ഈ പ്രക്രിയ കൂടി പൂർത്തിയാക്കാനായാൽ ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കാൻ സാധിച്ച ലോകത്തെ നാലാം രാജ്യമെന്ന ചരിത്രമാകും ഇന്ത്യ ബഹിരാകാശത്ത് കുറിക്കുക.
 

You might also like

Most Viewed