ജമ്മു കശ്മീരിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി


ന്യൂഡൽഹി: ജമ്മു കശ്മീരിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ സർക്കാർ തീരുമാനങ്ങളെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി ജനങ്ങൾ പിന്തുണച്ചു. വാർത്താ ഏജൻസിയായ ഐഎൻഎസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു ഇതുവരെ കശ്മീർ ഭരിച്ചവരുടെ ചിന്താഗതി. യുവാക്കൾ നേതൃത്വത്തിലേയ്ക്ക് എത്തുന്നതിൽ അവർക്ക് താൽപര്യമില്ല. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. 370-ാം അനുച്ഛേദം റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു.
കശ്മീരിൽ സർക്കാർ സ്വീകരിച്ച പുതിയ നടപടികളെ എതിർത്തവരെ നോക്കൂ- പതിവ് തൽപരകക്ഷികൾ, രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ആഗ്രഹിക്കുന്നവർ, ഭീകരവാദത്തിന് പിന്തുണ നൽകുന്നവർ, പ്രതിപക്ഷത്തിന്റെ സുഹൃത്തുക്കൾ തുടങ്ങിയവരാണവർ. സർക്കാർ ജമ്മു കശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി ജനങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ലെന്നും മോദി വ്യക്തമാക്കി.
ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയായിരുന്നു 370-ാം അനുച്ഛേദം. ഇപ്പോൾ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ഇനി ജമ്മു കശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ച് അവിടെ വികസനങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവും.
ഈ സർക്കാരിന് 75 ദിവസംകൊണ്ട് ഉണ്ടാക്കാനായ നേട്ടങ്ങൾ ശരിയായ ലക്ഷ്യത്തിന്റെയും വ്യക്തമായ നയങ്ങളുടെയും ഫലമാണ്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് പണിത അടിത്തറയിൽനിന്നാണ് ഈ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചത്. വെറും 75 ദിവസംകൊണ്ട് സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിച്ചു- കുട്ടികളുടെ സുരക്ഷ മുതൽ ചന്ദ്രയാൻ-2 വരെ, അഴിമതിക്കെതിരായ നടപടികൾ മുതൽ മുത്തലാഖ് നിരോധനം വരെ, കശ്മീർ മുതൽ കർഷക പ്രശ്നങ്ങൾ വരെ. ശക്തമായ ജനപിന്തുണയുള്ള സുസ്ഥിരമായ ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാനാവുമെന്നാണ് നാം കാണിച്ചിരിക്കുന്നത്.

You might also like

Most Viewed