കശ്മീരിലെ അഞ്ച് ജില്ലകളിൽ ടുജി പുനഃസ്ഥാപിച്ചു, കർശന നിയന്ത്രണം തുടരുകയാണ്


കാർഗിൽ: അതീവസുരക്ഷയിലും കർശനനിരീക്ഷണത്തിലും തുടരുകയാണ് ജമ്മു കശ്മീർ. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലും പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും കാർഗിലിലെയും മിക്ക മേഖലകളിലും ഇപ്പോഴും കർശന നിയന്ത്രണങ്ങൾ തുടരുകയാണെങ്കിലും ജമ്മു ഉൾപ്പടെ ചില മേഖലകളിൽ തൽക്കാലം ടു ജി സൗകര്യം പുനഃസ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. അതേ സമയം, കശ്മീർ താഴ്‍വര ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളിലാണ്. അവിടെ തൽക്കാലം നിയന്ത്രണങ്ങൾ പതുക്കെ മാത്രമേ നീക്കൂ എന്നാണ് സൂചന. 
ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിലാണ് ഇപ്പോൾ 2ജി സൗകര്യം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബാദ് സിംഗ് ഇന്നലെ തെക്കൻ കശ്മീരിലെ ജില്ലകളായ പുൽവാമ, അനന്ത് നാഗ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ശ്രീനഗറിൽ നിന്ന് അനന്ത് നാഗ് വരെയുള്ള ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി. കശ്മീർ ഐ.ജി എസ്.പി പാണിയും സിആർപിഎഫ് ഐജി രാജേഷ് കുമാർ യാദവും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ നീക്കുമെന്ന് സന്ദർശനത്തിന് ശേഷം ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനഗറിലെ സിവിൽ ലൈൻസ് മേഖലയിലെ ചില കടകൾ ഇന്നലെ തുറന്നിരുന്നു. എന്നാൽ പ്രധാനപ്പെട്ട ബിസിനസ് സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. താഴ്‍വരയിലെ രാജ് ഭാഗ്, ജവഹർ നഗർ എന്നിവിടങ്ങളിലെ ചില മേഖലകളിൽ ലാൻഡ് ലൈനുകൾ പുനഃസ്ഥാപിച്ചു. 

You might also like

Most Viewed