സ്വന്തം മകളെ രണ്ട് വര്‍ഷം തുടരെ ലൈംഗികമായി പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ കഴുത്തറുത്ത് കൊന്നു പിതാവ് അറസ്റ്റിൽ


ഗോരാഘ്പൂര്‍: പത്തൊമ്പത് വയസ്സുള്ള മകളെ നാളുകളായി ബലാത്സംഗത്തിന് ഇരയാക്കി ഒടുവില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരാഘ്പൂരിലാണ് സംഭവം ഉണ്ടായത്. മൂത്ത മകളുടെ പരാതിയിലാണ് പിതാവിനെ പോലീസ് വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഭാര്യ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. തുടര്‍ന്ന് രണ്ട് പെണ്‍മക്കള്‍ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. 2015ല്‍ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇതോടെയാണ് ഇളയ മകള്‍ക്കൊപ്പം പ്രതി താമസം ആരംഭിക്കുന്നത്. ഇളയ മകളെ പ്രതിയായ അച്ഛന്‍ രണ്ട് വര്‍ഷമായി ബലാത്സംഗം ചെയ്ത് വരികയായിരുന്നു. ഒരിക്കല്‍ 19കാരി മകളുടെ കഴുത്തറുത്ത് പ്രതി കൊലപ്പെടുത്തിയെന്നും പോലീസ് പറയുന്നു. ജൂലൈ 26ന് രാത്രിയിലാണ് ഇളയ മകളുടെ കഴുത്തറുത്ത് പിതാവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി മകളുടെ തല കുഴിച്ചിടുകയും ഉടല്‍ കടലില്‍ നിന്നുള്ള കൈവഴിയില്‍ ഒഴുക്കിവിടുകയും ചെയ്തു.
മകളുടെ കൊലപാതക കേസിലാണ് പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിലാണ് മകളെ താന്‍ ബലാത്സംഗം ചെയ്തിരുന്നതായി പ്രതി വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷമായി ബലാത്സംഗം തുടരുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഒരിക്കല്‍ ലൈംഗികമായി സമീപിച്ച തന്നെ മകള്‍ എതിര്‍ത്തുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പറഞ്ഞു.
രക്ഷാബന്ധന്‍ ദിനത്തില്‍ തന്നെ കാണാന്‍ അനുജത്തി എത്താതിരുന്നതിനെ തുടര്‍ന്ന് സഹോദരി അന്വേഷിച്ച് വീട്ടിലെത്തി. എന്നാല്‍ അനുജത്തിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ കാര്യം തിരക്കിയപ്പോള്‍ താന്‍ മകളെ കൊലപ്പെടുത്തിയെന്ന് പിതാവ് തന്നെ പറയുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന മകള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

You might also like

Most Viewed