ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു


ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര(82) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹിയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ബിഹാർ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് പ്രഫസറായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.
ബിഹാർ കോൺഗ്രസിലെ ജനകീയനായിരുന്ന ജഗന്നാഥ് മിശ്ര മൗലാന എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇടക്കാലത്ത് കോൺഗ്രസ് വിട്ട അദ്ദേഹം എൻസിപിയിലും പിന്നീട് ജെഡിയുവിലും പ്രവർത്തിച്ചു. കാലിത്തീറ്റ കുംഭകോണ കേസിൽ പ്രതിയായിരുന്നെങ്കിലും റാഞ്ചി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
മൂന്നു തവണ ബിഹാർ മുഖ്യമന്ത്രിയായിട്ടുള്ള ജഗന്നാഥ് മിശ്ര കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ ലളിത് നാരായൺ മിശ്ര ഇന്ദിരാ ഗാന്ധിയുടെ സർക്കാരിൽ റെയിൽവെ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മകൻ നിതീഷ് മിശ്ര ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ജഗന്നാഥ് മിശ്രയുടെ നിര്യാണത്തെ തുടർന്ന് ബിഹാറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

You might also like

Most Viewed