മുത്തലാഖ് ചൊല്ലിയിട്ടും ഭര്‍തൃവീട്ടില്‍ കഴിഞ്ഞ യുവതിയെ ജീവനോടെ കത്തിച്ചുകൊന്നു


ലക്ക്നൗ; മുത്തലാഖ് ചൊല്ലിയിട്ടും ഭർതൃവീട്ടിൽ തുടർന്ന യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ജീവനോടെ കത്തിച്ചു. പോലീസ് നിർദ്ദേശ പ്രകാരമാണ് യുവതി ഭർതൃവീട്ടിൽ കഴിഞ്ഞത്. ഭർത്താവ് തന്റെ മൂന്ന് സഹോദരിമാരുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിലാണ് സംഭവം. ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതായി സായിദ (22)പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഭർതൃവീട്ടിലേക്ക് തിരികെ പോകാൻ നിർദേശിച്ച് പരാതി രജിസ്റ്റർ ചെയ്യാതെ പോലീസ് യുവതിയെ മടക്കിയയച്ചു.
സായിദയെ ഭർത്താവ് നഫീസ് ഫോൺ മുഖേനയാണ് തലാക്ക് ചൊല്ലിയത്. ഓഗസ്റ്റ് 15ന് ഭർത്താവിനെയും കൂട്ടി സ്റ്റേഷനിലെത്താൻ പോലീസ് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മുംബൈയിൽ ജോലിചെയ്യുകയായിരുന്ന നഫീസ് വീട്ടിൽ എത്തി. വീണ്ടും ഭാര്യയോട് വീട് വിട്ട് പോകാൻ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ സായിദയെ കൊല്ലാൻ നഫീസിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു.
സായിദയുടെ തലമുടിയിൽ ഭർത്താവ് ബലമായി പിടിച്ചുവയ്ക്കുകയും മറ്റുള്ളവർ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. യുവതിയുടെ അഞ്ച് വയസുകാരിയായ മകളുടെ കൺമുന്നിൽ വെച്ചായിരുന്നു ക്രൂരത. അഞ്ച് വയസുകാരിയായ മകൾ ഇതുസംബന്ധിച്ച് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

You might also like

Most Viewed